തന്ത്രിക്കെതിരെ തെളിവുണ്ട്, ഉത്തരവിലെ പരാമർശങ്ങൾ വസ്തുതകൾ മനസിലാക്കാതെ; എസ്ഐടി ഹെെക്കോടതിയിലേക്ക്

കൊച്ചി: തന്ത്രി കണ്ഠര് രാജീവരർക്ക് ജാമ്യം നൽകിയ ഉത്തരവിനെതിരെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഹെെക്കോടതിയെ സമീപിക്കുമെന്ന് റിപ്പോർട്ട്. ഉത്തരവിലെ പരാമർശങ്ങൾ വസ്തുതകൾ മനസിലാക്കാതെയെന്നാണ് ആക്ഷേപം. തന്ത്രിക്കെതിരെ നിരവധി തെളിവുകളുണ്ടെന്നും ജാമ്യഹർജിയിൽ ഈ തെളിവുകൾ പൂർണമായും കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും എസ്ഐടി പറയുന്നു.
കീഴ്കോടതി ഉത്തരവ് കേസിന് തിരിച്ചടി ഉണ്ടാക്കും. ഉത്തരവിലെ പരാമർശങ്ങൾ പൂർണമായും നീക്കണമെന്നാണ് എസ്ഐടിയുടെ ആവശ്യം. ശബരിമല തന്ത്രി കണ്ഠര് രാജീവരരുടെ ജാമ്യത്തിനെതിരായ അപ്പീലിൽ സർക്കാർ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്ന നിയമമന്ത്രി പി രാജീവ് പറഞ്ഞു.
കൊല്ലം വിജിലൻസ് കോടതിയാണ് തന്ത്രിക്ക് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി. തന്ത്രിക്ക് ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ബന്ധമുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം വാദിച്ചിരുന്നു. എന്നാൽ തന്ത്രിയെന്ന നിലയ്ക്ക് അദ്ദേഹം ദേവന്റെ അനുജ്ഞ മാത്രമാണ് നൽകിയിട്ടുള്ളതെന്നും ദേവസ്വം ബോർഡിലെ മറ്റ് ആരോപണവിധേയർക്കെതിരെ ചുമത്തിയ കുറ്റമൊന്നും കണ്ഠരര് രാജീവരർക്കെതിരെയില്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ഇതടക്കം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.
അതേസമയം, ശബരിമല സ്വർണക്കൊള്ളക്കേസിൽ ഒരു തെളിവുമില്ലാതെയാണ് എസ്ഐടി തന്ത്രിയെ അറസ്റ്റ് ചെയ്തതെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. തന്ത്രിയുടെ അറസ്റ്റ് സംശയാസ്പദമാണെന്നും എസ്ഐടി പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Source link



