LATEST

ആന്റണി ആൽബനീസ് വിവാഹിതനായി

സിഡ്നി: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും (62) ദീർഘകാല പങ്കാളിയായ ജോഡി ഹെയ്ഡനും (46) വിവാഹിതരായി. ഇതോടെ, അധികാരത്തിലിരിക്കെ വിവാഹിതനാകുന്ന രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായി ആൽബനീസ്. സാമ്പത്തിക സേവന മേഖലയിലാണ് ഹെയ്ഡന് ജോലി. കാൻബറയിലെ ആൽബനീസിന്റെ ഔദ്യോഗിക വസതിയായ ‘ദ ലോഡ്ജി’ന്റെ പൂന്തോട്ടത്തിൽ സ്വകാര്യ ചടങ്ങായാണ് വിവാഹം നടന്നത്. ആൽബനീസിന്റെ വളർത്തുനായ ടോട്ടോ വിവാഹ മോതിരവുമായി വേദിയിലെത്തിയത് കൗതുകമായി. വർഷങ്ങളായി നിരവധി പരിപാടികളിൽ ഹെയ്ഡൻ ആൽബനീസിനൊപ്പം പങ്കെടുത്തിട്ടുണ്ട്. 2022ലെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും കഴിഞ്ഞ മേയിൽ അദ്ദേഹത്തിന്റെ ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോഴും അവർ ഒപ്പമുണ്ടായിരുന്നു. അഞ്ച് വർഷം മുൻപ് മെൽബണിൽ നടന്ന ഒരു ബിസിനസ് ഡിന്നറിൽ വച്ചാണ് അദ്ദേഹം ഹെയ്ഡനെ കണ്ടുമുട്ടിയത്. ആൽബനീസിന്റെ രണ്ടാം വിവാഹമാണിത്. ലേബർ പാർട്ടി നേതാവായ കാർമൽ ടെബട്ട് ആണ് അദ്ദേഹത്തിന്റെ ആദ്യ ഭാര്യ. 19 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിൽ 2019ൽ ഇരുവരും വേർപിരിഞ്ഞു. ഇരുവർക്കും നഥാൻ എന്ന മകനുണ്ട്. നഥാനും ഇന്നലെ വിവാഹച്ചടങ്ങിന് സാക്ഷിയായി.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button