LATEST

ഡൽഹി ഭീകരാക്രമണം; പ്രധാന പ്രതി ജാസിർ ബിലാൽ വാനിയുടെ വീട്ടിൽ ഉൾപ്പെടെ എട്ട് സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്

ന്യൂഡൽഹി: ഡൽഹി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എട്ട് സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡുകൾ ആരംഭിച്ചു. ജമ്മു കശ്മീർ പോലീസുമായി ചേർന്നാണ് ഏകോപിത റെയ്ഡുകൾ ആരംഭിച്ചിരിക്കുന്നത്. പ്രധാന പ്രതിയായ ജാസിർ ബിലാൽ വാനിയുടെ വീട്ടിൽ റെയ്ഡ് പുരോഗമിക്കുന്നു.

ഒരേസമയം ഒന്നിലധികം സംഘങ്ങളായി തിരിഞ്ഞാണ് റെയ്ഡുകൾ നടത്തുന്നത്. ഡാനിഷ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ജാസിർ ബിലാൽ വാനി നവംബർ 10ന് നടന്ന ചെങ്കോട്ട കാർ സ്ഫോടനത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയവരിൽ പ്രധാനിയാണെന്ന് ഉദ്യോഗസ്ഥ‌‌‌ർ കണ്ടെത്തിയിരുന്നു. അനന്ത്‌നാഗ് ജില്ലയിലെ ഖാസിഗുണ്ട് സ്വദേശിയായ വാനി പൊളിറ്റിക്കൽ സയൻസ് ബിരുദധാരിയാണ്. ഇന്ത്യൻ നഗരങ്ങളിൽ ആക്രമണങ്ങൾ നടത്തുന്നതിനായി ഡോക‌ടർ ഉമർ നബിയും വാനിയും ചേർന്ന് ആസൂത്രണങ്ങൾ നടത്തിയിരുന്നതായി എൻഐഎ പറയുന്നു. ഹമാസ് ശൈലിയിലുള്ള ഡ്രോൺ ആക്രമണങ്ങൾ, ഏകോപിത സ്‌ഫോടനങ്ങൾക്കായി ചെറിയ റോക്കറ്റുകൾ വികസിപ്പിക്കൽ തുടങ്ങിയവ ഇവർ ആസൂത്രണം ചെയ്‌തിരുന്നതായാണ് വിവരം.

നഗരത്തിന്റെ വിവിധയിടങ്ങളിൽ സ്ഫോടനം നടത്താനുള്ള ‘വൈറ്റ് കോളർ മൊഡ്യൂളി’ന്റെ സാങ്കേതിക നട്ടെല്ല് വാനിയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. അതിനായി ഡ്രോണുകൾ പരിഷ്കരിക്കൽ, അവയുടെ ബാറ്ററികളും ക്യാമറ സംവിധാനങ്ങളും നവീകരിക്കൽ, തിരക്കേറിയ പൊതുസ്ഥലങ്ങളിൽ വിന്യസിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ചെറിയ സ്‌ഫോടകവസ്തുക്കൾ സംയോജിപ്പിക്കൽ തുടങ്ങിയ പ്രവൃത്തികൾക്ക് ഇയാൾ നേതൃത്വം കൊടുത്തിരുന്നു.

മിഡിൽ ഈസ്റ്റിലുടനീളമുള്ള സംഘർഷ മേഖലകളിൽ ഹമാസും ഐഎസും ഉപയോഗിച്ച തന്ത്രങ്ങളുടെ മാതൃകയാണ് ഈ രൂപകൽപ്പനകളെന്ന് എൻ‌ഐ‌എ പറയുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ കുൽഗാമിലെ ഒരു പള്ളിയിൽ വെച്ചാണ് വാനി ഡോ ഉമർ നബിയെ കണ്ടുമുട്ടിയത്. പാകിസ്ഥാനിലെ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിൽ ചേർന്ന് പ്രവർത്തിക്കാൻ തയ്യാറായ വാനിയെ ആദ്യം ഒരു ചാവേർ ബോംബറാക്കാനാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ തീരുമാനിച്ചത്. എന്നാൽ, ആത്മഹത്യക്ക് എതിരായ മതപരമായ വിലക്കുകളും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണമാണ് വാനി ചാവേർ ആകുന്നതിൽ നിന്ന് പിന്മാറിയത്. പക്ഷേ, സ്‌ഫോടനങ്ങൾക്കുള്ള സാങ്കേതിക തയ്യാറെടുപ്പുകളിൽ ഇയാൾ തന്റെ പങ്കാളിത്തം തുടരുകയായിരുന്നെന്ന് എൻഐഎ പറയുന്നു.

ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ച ഐ20 കാർ രജിസ്റ്റർ ചെയ്തിരുന്നത് അമീർ റാഷിദ് അലിയുടെ പേരിലാണ്. ഇയാൾ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചെന്ന് കണ്ടെത്തിയതോടെ അറസ്‌റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് കൂട്ടാളിയായ ജാസിർ ബിലാൽ വാനിയും അറസ്‌റ്റിലായത്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button