ഡ്രൈവിംഗ് ലൈസൻസ് കാലാവധി കഴിഞ്ഞാലും ഉപയോഗിക്കാം, പക്ഷേ; മോട്ടോർ വാഹനനിയമത്തിൽ നിർണായക മാറ്റം

ന്യൂഡൽഹി: ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി കഴിഞ്ഞാലും 30 ദിവസത്തേക്ക് ഉപയോഗിക്കാനുള്ള ഗ്രേസ് പിരീഡ് അനുവദിക്കുന്നതിനായി മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. വാണിജ്യ വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ വെള്ളിയാഴ്ച ലോക്സഭയിൽ അവതരിപ്പിച്ച ജൻ വിശ്വാസ് ബില്ലിലൂടെയാണ് ഇത് നടപ്പാക്കിയത്. ഇക്കാലയളവിൽ ലൈസൻസ് പുതുക്കാൻ അധികഫീസ് നൽകേണ്ട. കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പ് പുതുക്കിയാൽ കാലാവധി തീരുന്ന മുതൽക്കാകും പ്രാബല്യം.
മോട്ടോർ വാഹന നിയമപ്രകാരമുള്ള ചില നിയമലംഘനങ്ങളിൽ ഇളവ് നൽകുന്നതിനും നിയമപരമായ അവ്യക്തതകൾ പരിഹരിക്കുന്നതിനുമായി 20 ഭേദഗതികൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രാലയ വക്താവ് പറഞ്ഞു. കഴിഞ്ഞ വർഷം അവതരിപ്പിച്ച ബിൽ സെലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിട്ടിരുന്നു. സെലക്ട് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭേദഗതി വരുത്തിയാണ് ഇപ്പോൾ പുതിയ ബിൽ കൊണ്ടുവന്നത്.
വാഹനാപകടങ്ങൾ മൂലമുണ്ടാകുന്ന നഷ്ടപരിഹാരം സംബന്ധിച്ച വ്യവസ്ഥകൾ കൈകാര്യം ചെയ്യുന്ന സെക്ഷൻ 161ൽ മാറ്റങ്ങൾ വരുത്താനും ബിൽ നിർദ്ദേശിക്കുന്നു. ഹിറ്റ് ആൻഡ് റൺ കേസുകളിൽ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഏതെങ്കിലും ലംഘനത്തിന് ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ പിഴ ചുമത്തും.
Source link


