ഡോ. വന്ദനാദാസ് കൊലക്കേസ്: പ്രതി സന്ദീപിന്റെ ചിത്തരോഗ നാടകം പൊളിഞ്ഞു

കൊല്ലം: ഡോ. വന്ദനാദാസ് കൊലക്കേസ് പ്രതിയായ സന്ദീപ് ജയിലിൽ നിന്ന് പുസ്തകങ്ങളെടുത്ത് വായിച്ചുപഠിച്ച് അവതരിപ്പിച്ച ചിത്തരോഗ നാടകം പൊളിഞ്ഞു. ജയിൽ ലൈബ്രറിയിൽ നിന്ന് സൈക്യാട്രി പുസ്തകങ്ങൾ എടുത്തതിന്റെ തെളിവുകൾ ഹാജരാക്കിയാണ് പ്രോസിക്യൂഷൻ സന്ദീപിന്റെ നാടകം പൊളിച്ചത്.തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന സന്ദീപ് ഇതിനിടയിൽ ജയിൽ ലൈബ്രറിയിൽ നിന്ന് സൈക്യാട്രി പുസ്തകങ്ങളെടുത്ത് വായിച്ചു. മനോരോഗ വിദഗ്ദ്ധൻ പരിശോധനയ്ക്കെത്തിയപ്പോൾ സ്കിസോഫ്രീനിയയുടെ ലക്ഷണങ്ങൾ അഭിനയിച്ചു. താൻ മൂന്നാമതൊരാളുടെ ശബ്ദം നിരന്തരം കേൾക്കുന്നുവെന്നും പറഞ്ഞു. അങ്ങനെ മാനസിക പ്രശ്നമുണ്ടെന്ന റിപ്പോർട്ട് സന്ദീപ് സംഘടിപ്പിച്ചു. ഈ റിപ്പോർട്ടിനെ, സന്ദീപ് ജയിലിൽ നിന്ന് സൈക്യാട്രി പുസ്തകങ്ങളെടുത്തതിന്റെ തെളിവുകൾ ഹാജരാക്കി പ്രോസിക്യൂഷൻ പൊളിക്കുകയായിരുന്നു. അതിന് പുറമേ സന്ദീപ് സ്കൂളിൽ പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ല, വാഹനം ഓടിക്കും, നന്നായി പാട്ടുപാടും, അഭിനയിക്കും എന്നുള്ള സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും മൊഴികൾ പ്രതിക്ക് മാനസിക പ്രശ്നമില്ലെന്നതിന്റെ തെളിവാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ജയിലിൽ മാനസിക രോഗത്തിന്റെ ലക്ഷണങ്ങൾ കാട്ടിയിരുന്നില്ലെന്ന തിരുവനന്തപുരം സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ മൊഴിയും സന്ദീപിന് തിരിച്ചടിയായി. മാനസിക പ്രശ്നം ഉണ്ടെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിച്ചിരുന്നെങ്കിൽ പ്രതിയെ വെറുതെ വിടുകയോ ആശുപത്രിയിൽ പാർപ്പിച്ചുള്ള ദീർഘകാലത്തെ മനോരോഗ ചികിത്സ വിധിക്കുകയോ ചെയ്തേനേ.ശിക്ഷാവിധി വന്നശേഷമേ നീതി കിട്ടിയെന്ന് പറയാനാകൂ. പരമാവധി ശിക്ഷ നൽകുമെന്നാണ് പ്രതീക്ഷ. പ്രോസിക്യൂഷൻ നന്നായി പ്രവർത്തിച്ചു.
Source link



