LATEST

ഡിസംബർ 3ന് തലസ്ഥാനത്തേക്ക് വരൂ, കാത്തിരിക്കുന്നത് അദ്ഭുത കാഴ്ചകൾ

തിരുവനന്തപുരം: നാവികസേനാ ദിനാഘോഷത്തിന് തലസ്ഥാനം പ്രതീക്ഷിക്കുന്ന ഇന്ത്യയുടെ വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ് വിക്രാന്ത് ഇന്നലെ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെത്തി. ശ്രീലങ്കൻ നാവികസേനയുടെ ക്ഷണപ്രകാരം അന്താരാഷ്ട്ര നാവികാഭ്യാസത്തിൽ പങ്കെടുക്കാനെത്തിയ വിക്രാന്ത്,അവിടത്തെ ദൗത്യം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് തിരിക്കുമെന്നാണ് സൂചന. കടൽമാർഗം കൊളംബോയിൽ നിന്ന് 135നോട്ടിക്കൽമൈൽ (250.02കി.മി) ദൂരമേയുള്ളൂ തിരുവനന്തപുരത്തേക്ക്. ഡിസംബർ 3ന് രാഷ്ട്രപതി മുഖ്യാതിഥിയാവുന്ന നാവികസേനാ ദിനാഘോഷത്തിൽ ആവേശമാവാൻ വിക്രാന്ത് എത്തുമെന്നാണ് തലസ്ഥാനം കാത്തിരിക്കുന്നത്.

ഇന്ത്യൻ നാവികസേന സ്വന്തമായി രൂപകല്പന ചെയ്തു നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്ത് കൊച്ചി കപ്പൽശാലയിലാണ് നിർമ്മിച്ചതെങ്കിലും തലസ്ഥാനത്ത് ഇതുവരെയെത്തിയിട്ടില്ല. രാജ്യത്ത് നിർമ്മിക്കപ്പെട്ടതിൽ ഏറ്റവുംവലിയ കപ്പലാണിത്. നാവികസേനയുടെ പോരാട്ടവീര്യം വ്യക്തമാക്കുന്ന അഭ്യാസപ്രകടനങ്ങൾക്കായി 40ലേറെ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും അന്തർവാഹിനികളും മിസൈലുകളും കോപ്ടറുകളും തിരുവനന്തപുരത്ത് എത്തുന്നുണ്ട്. എന്നാൽ വിദേശരാജ്യങ്ങളിലെ പ്രതിരോധ അറ്റാഷെമാരും സൈനികഉദ്യോഗസ്ഥരുമടക്കം കാത്തിരിക്കുന്നത് വിക്രാന്തിനെയാണ്. 20യുദ്ധവിമാനങ്ങളും 10ഹെലികോപ്റ്ററുകളും ഉൾപ്പെടെ 30വിമാനങ്ങൾ ഒരേസമയം സൂക്ഷിക്കാനും അറ്റകുറ്റപ്പണി നടത്താനും സൗകര്യമുള്ള വിക്രാന്തിൽ യുദ്ധവിമാനങ്ങൾ പറന്നുയരാൻ 2 റൺവേകളും ഇറങ്ങാൻ ഒരെണ്ണവുമുണ്ട്.

വിക്രാന്തിൽ നിന്ന് പറന്നുയരുന്ന മിഗ് 29കെ ഫൈറ്റർ വിമാനങ്ങളുടെ ശക്തിപ്രകടനമായിരിക്കും ശംഖുംമുഖത്തെ അഭ്യാസത്തിൽ പ്രധാനമെന്നാണ് വിലയിരുത്തൽ.വിക്രാന്തിലേക്ക് യുദ്ധവിമാനങ്ങളുടെ ടേക്ക്ഓഫും ലാൻഡിംഗും തലസ്ഥാനത്തിന് പുതുമയുള്ള കാഴ്ചയായിരിക്കും. മിഗ്-29-കെ വിമാനങ്ങളും കാമോവ്,സീ-കിംഗ്, ചേതക്,ധ്രുവ് ഹെലികോപ്ടറുകളും അഭ്യാസത്തിലുണ്ടാവും.100ഓഫീസർമാരും 1,500നാവികരുമാണ് കപ്പലിലുള്ളത്.

14നിലകളിൽ കടലിൽ ഒഴുകുന്ന വ്യോമത്താവളം

പതിനാല് നിലകളുള്ള, കടലിലൊഴുകുന്ന വ്യോമത്താവളമാണ് വിക്രാന്ത്. ശത്രുക്കളെ കണ്ടെത്തി സ്വയം ആക്രമണം നടത്താനും ശേഷിയുണ്ട്. ഹാംഗറിൽ 34വിമാനങ്ങൾ നിറുത്തിയിടാം

262മീറ്റർ നീളവും 62മീറ്റർ വീതിയുമുണ്ട്. തുറമുഖത്തേക്ക് മടങ്ങാതെ 45ദിവസം വരെ കടലിൽ തുടരാനാവും. സ്പെഷ്യാലിറ്റി ആശുപത്രി,നീന്തൽക്കുളം,ആധുനിക അടുക്കള എന്നിവയുമുണ്ട്.

ചെറു റൺവേയിലിറങ്ങുന്ന വിമാനങ്ങളെ കൊളുത്തിപ്പിടിച്ച് നിറുത്താനുള്ള 3അറസ്റ്റർ വയറുകളുമുണ്ട്. 45,000ടൺ ഭാരവും മൂന്ന് ഫുട്ബോൾ മൈതാനത്തിന്റെ വലിപ്പവുമുണ്ട്.

120ഫോർമുലവൺ കാറുകളുടെ ശക്തിയാണ് കപ്പലിന്റെ പ്രധാന എൻജിനുകൾക്കുള്ളത്. 40,000ലിറ്റർ ശുദ്ധജലം പ്രതിദിനം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ജലശുദ്ധീകരണ സംവിധാനവും.

₹23,500കോടി

വിക്രാന്തിന്റെ നിർമ്മാണച്ചെലവ്


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button