ഡിസംബർ 10 മുതൽ കുട്ടികൾക്ക് ഫോണിൽ തൊടാനാകില്ല, നിയമം തെറ്റിച്ചാൽ കോടികൾ പിഴയൊടുക്കണം

കുട്ടികളിലെ അമിതമായ ഫോൺ ഉപയോഗം ദോഷമാണെന്ന് നമുക്കെല്ലാം അറിയാം. അതിനാൽത്തന്നെ പല രാജ്യങ്ങളും കുട്ടികളുടെ ഫോൺ ഉപയോഗം നിയന്ത്രിക്കാനായി നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിലൊരു തീരുമാനമെടുക്കാൻ പോവുകയാണ് ഓസ്‌ട്രേലിയയും. ഡിസംബർ പത്ത് മുതൽ രാജ്യത്ത് നിയമം നിലവിൽ വരും. ഇതോടെ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാനാകില്ല. ഈ വലിയ തീരുമാനമെടുത്തതോടെ കുട്ടികൾക്ക് സോഷ്യൽ മീഡിയ പൂർണമായും നിരോധനമേർപ്പെടുത്തിയ രാജ്യമായി ഓസ്‌ട്രേലിയ മാറും.
അന്വേഷണങ്ങൾ, ഓൺലൈൻ ദുരുപയോഗം, മാതാപിതാക്കളുടെ പരാതി, കുട്ടികളുടെ ഫോൺ ഉപയോഗം നിയന്ത്രിക്കണമെന്ന ശക്തമായ രാഷ്‌ട്രീയ ആവശ്യം എന്നിവ പരിഗണിച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിഷയത്തിൽ പഠനങ്ങൾ നടക്കുന്നുണ്ട്. ഇതിന്റെയെല്ലാം ഫലമായാണ് പുതിയ തീരുമാനം. ഫോൺ ഉപയോഗം കാരണമുണ്ടാകുന്ന കുട്ടികളിലെ സമ്മർദവും അപകടസാദ്ധ്യതകളും കുറയ്‌ക്കുന്നതിനും നിരോധനം സഹായിക്കുമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ പറഞ്ഞു.
നിരോധനം
16 വയസിന് താഴെയുള്ള കുട്ടികൾക്ക് സ്വന്തമായി ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് ആരംഭിക്കാനാകില്ല. ഓസ്‌ട്രേലിയയിലെ മിക്ക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഉപയോഗിക്കേണ്ടവരുടെ ഏറ്റവും കുറഞ്ഞ പ്രായം 13 ആണ്. ഇതിനെയാണ് 16 ആയി ഉയർത്താൻ പോകുന്നത്. നിലവിൽ 13 വയസിന് താഴെയുള്ളവർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ട്. അവർക്ക് മറ്റുള്ളവരുടെ പോസ്റ്റുകൾ കാണാനാകുമെങ്കിലും സ്വന്തമായി പോസ്റ്റിടാനോ കമന്റുകൾ രേഖപ്പെടുത്താനോ കഴിയില്ല.
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇവരെല്ലാം തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്‌തിരിക്കണം. എന്തെങ്കിലും രീതിയിലുള്ള ലംഘനം നടന്നുവെന്ന് മനസിലായാൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ 49.5 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ വരെ പിഴ അടയ്‌ക്കേണ്ടി വരും. എന്നാൽ, കുട്ടികളെയും മാതാപിതാക്കളെയും ഇത് ബാധിക്കില്ല.
നിരോധിക്കുന്ന പ്ലാറ്റ്‌ഫോമുകൾ
ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം, സ്‌നാപ്‌ചാറ്റ്, ടിക് ടോക്, എക്‌സ്, യൂട്യൂബ്, റെഡ്ഡിറ്റ്, ത്രെഡ്‌സ്, കിക്ക് ട്വിച്ച് എന്നീ പ്ലാറ്റ്‌ഫോമുകളിലാണ് കുട്ടികൾക്ക് നിരോധനമേർപ്പെടുത്തിയത്. യൂട്യൂബ് കിഡ്‌സ്, ഗൂഗിൾ ക്ലാസ്‌റൂം, വാട്‌സാപ്പ് എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, സൈൻ ഇൻ ചെയ്യാതെ തന്നെ കുട്ടികൾക്ക് യൂട്യൂബിലെ പല ഉള്ളടക്കങ്ങളും കാണാനാകും. ഡിസ്കോർഡ്, ഗിറ്റ്ഹബ്, ലെഗോ പ്ലേ, റോബ്‌ലോക്സ്, സ്റ്റീം, സ്റ്റീം ചാറ്റ്, മെസഞ്ചർ എന്നിവയും നിയന്ത്രണങ്ങൾക്ക് വിധേയമാകില്ലെന്നും അധികൃതർ അറിയിച്ചു. പിൻട്രെസ്റ്റിനെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിന്നീട് ഈ പട്ടിക വിപുലീകരിക്കാനും സർക്കാരിന് സാധിക്കും.
പ്രായം എങ്ങനെ പരിശോധിക്കും?
ഏത് രീതിയിലാണ് ഉപയോക്താക്കളുടെ പ്രായം കണ്ടെത്തുക എന്ന് തീരുമാനിക്കേണ്ടത് അതത് പ്ലാറ്റ്‌ഫോമുകളാണ്. കുട്ടികൾ സ്വയം അക്കൗണ്ടുകൾ തുടങ്ങുന്നതും മാതാപിതാക്കളുടെ സഹായത്തോടെ അക്കൗണ്ടുകൾ തുടങ്ങുന്നതും നിരോധിക്കണമെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ചിലപ്പോൾ പ്രായം സ്ഥിരീകരിക്കുന്നതിനുള്ള രേഖകൾ കൈമാറേണ്ടിവന്നേക്കാം. ശബ്‌ദം ഉൾപ്പെടെ നിരീക്ഷിച്ച് അതിലൂടെ പ്രായം കണ്ടെത്താനും സാദ്ധ്യതയുണ്ട്. ബ്രൗസിംഗ് രീതി, ഭാഷാ ഉപയോഗം, സുഹൃത്തുക്കൾ എന്നിവയും നിരീക്ഷിക്കും.
മെറ്റ ഡിസംബർ നാല് മുതൽ കൗമാരക്കാരുടെ അക്കൗണ്ടുകൾ ക്ലോസ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. തെറ്റിദ്ധരിച്ച് അക്കൗണ്ടുകൾ നീക്കിയിട്ടുണ്ടെങ്കിൽ അവർക്ക് സർക്കാർ ഐഡി കാണിച്ചോ ഒരു സെൽഫി വീഡിയോ സമർപ്പിച്ചോ തങ്ങളുടെ പ്രായം സ്ഥിരീകരിക്കാമെന്ന് മെറ്റ പറഞ്ഞു.
കാരണം
ഓൺലൈൻ ദുരുപയോഗത്തിന് ഇരയായി ആത്മഹത്യ ചെയ്‌ത കുട്ടികൾ, കുട്ടികളിലുണ്ടായ മാനസിക പ്രശ്‌നങ്ങൾ എന്നിവയാണ് ഈ വലിയ തീരുമാനത്തിലേക്ക് സർക്കാരിനെ എത്തിച്ചത്. പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ ഇതിനെ പിന്തുണച്ചു. കുട്ടികൾക്ക് അവരുടെ കുട്ടിക്കാലം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി ആന്റണി അൽബനീസ് പറഞ്ഞു. സോഷ്യൽ മീഡിയയുടെ സങ്കീർണതകളിലും അപകടങ്ങളിലും പെട്ടുപോകുന്നതിന് പകരം കുട്ടികൾ മറ്റ് ഓഫ്‌ലൈൻ ഗെയിമുകളിൽ ഏർപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
Source link


