ഡിമാൻഡ് കൂടുതൽ ഇറാനിൽ നിന്നുള്ളവയ്ക്ക്, മൊത്തവില്പനക്കാർക്ക് നടക്കുന്നത് നാലിരട്ടി കച്ചവടം

പാലക്കാട്: പൊള്ളുന്ന കുംഭച്ചൂടിനൊപ്പം നോമ്പുകാലം കൂടിയായതോടെ പഴങ്ങളുടെ വില്പന പൊടിപൊടിക്കുകയാണ്. പകൽ മുഴുവൻ വ്രതാനുഷ്ഠാനത്തിൽ മുഴുകി വൈകിട്ട് നോമ്പുതുറക്കുമ്പോൾ മനസിനും ശരീരത്തിനും തണുപ്പേകുന്നതിന് പഴങ്ങളും വിവിധ പലഹാരങ്ങളുമാണ് വിശ്വാസികൾ കഴിക്കുക. അതിനാൽ തന്നെ പഴം വിപണിയിലും ബേക്കറികളിലും നല്ല തിരക്കനുഭവപ്പെടുന്നുണ്ട്.
150 രൂപയുണ്ടായിരുന്ന ആപ്പിളിന് കിലോയ്ക്ക് 260 മുതൽ 300 രൂപവരെ വിലയുണ്ട്. തണ്ണിമത്തന് കഴിഞ്ഞ വർഷം 15 രൂപയുണ്ടായിരുന്നിടത്ത് ഇക്കുറി 20 മുതൽ 25 രൂപവരെ ഉയർന്നു. കിവി മൂന്നെണ്ണമുള്ള ഒരു പായ്ക്കറ്റിന് 90 രൂപ. നേന്ത്രപ്പഴം കിലോയ്ക്ക് 40 മുതൽ 45 വരെ വിലയുണ്ട്. ഞാലിപ്പൂവന് 80 രൂപ.
ഇത്തവണ താരം മുന്തിരി
നോമ്പുകാലത്ത് മുന്തിരി തേടിയാണ് ഏറ്റവും കൂടുതൽ കച്ചവടക്കാരെത്തുന്നത്. 50 മുതൽ 60 രൂപവരെ ആയിരുന്ന പച്ചമുന്തിരിയുടെ വില രണ്ടുദിവസം കൊണ്ട് 140 വരെയെത്തി. റോസ് മുന്തിരിക്ക് 50 രൂപയിൽ നിന്ന് 100 രൂപയായി. ജ്യൂസ് മുന്തിരിക്ക് മാത്രമാണ് വില 50 രൂപയിൽ മാറ്റമില്ലാതെ തുടരുന്നത്.
മധുരമുറൂം ഈന്തപ്പഴ വിപണി
നോമ്പാരംഭിച്ചതോടെ വ്യത്യസ്ത രുചികളുള്ള ഈന്തപ്പഴങ്ങൾ വിപണിയിൽ ഇടംപിടിച്ചെങ്കിലും ഇറാനിൽ നിന്നുള്ളവയ്ക്കാണ് ഡിമാൻഡ്. ഒരു മാസത്തേക്ക് ഒന്നിച്ചാണ് പലരും ഈന്തപ്പഴം വാങ്ങുന്നത്. സൗദി, ഇറാൻ, ഇറാഖ്, ടുണീഷ്യ, ഒമാൻ, അൾജീരിയ എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക് പ്രധാനമായും ഈന്തപ്പഴം എത്തുന്നത്. മൊത്തവില്പനക്കാർക്ക് സാധാരണയേക്കാൾ നാലിരട്ടി കച്ചവടമാണ് നോമ്പ് കാലത്ത്.
ഈന്തപ്പഴത്തിനൊപ്പം ഡ്രൈ ഫ്രൂട്സിനും ഏറെ ആവശ്യക്കാരുണ്ട്. ഡ്രൈ ഫ്രൂട്ട് കോമ്പോ പായ്ക്കറ്റുകൾക്കാണ് പ്രിയം കൂടുതൽ. 100 ഗ്രാം വീതം പിസ്ത, ബദാം, അണ്ടിപ്പരിപ്പ്, കറുപ്പും ഗോൾഡ് നിറമുള്ള ഉണക്കമുന്തിരി, വാൽനട്ട്, അത്തിപ്പഴം, ഉണങ്ങിയ ആപ്രിക്കോട്ട് എന്നിവ ഈ പായ്ക്കിൽ അടങ്ങിയിട്ടുണ്ട്.
റെഡ് ഗ്ലോബ് മുന്തിരിക്ക് 300 രൂപ
ഇറാൻ ആപ്പിൾ 210 രൂപ
പോളണ്ട് ആപ്പിൾ 260 രൂപ
കശ്മീർ ആപ്പിൾ 300 രൂപ
ഗ്രീൻ ആപ്പിൾ 320 രൂപ
റെഡ് ഡ്രാഗൺ ഫ്രൂട്ട് 280 രൂപ
വൈറ്റ് ഡ്രാഗൺ ഫ്രൂട്ട് 200 രൂപ
Source link



