‘ടീമംഗങ്ങൾ അതൃപ്തരാണെങ്കിൽ പരിശീലക സ്ഥാനം ഒഴിയും, ഇന്ത്യൻ ടീമിലെ കാര്യങ്ങൾ ആർക്കും ഒളിച്ചുവയ്ക്കാൻ കഴിയില്ല’

അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പിൽ ന്യൂസിലൻഡിനെ തകർത്ത് കിരീടം നിലനിർത്തിയതിന്റെ ആവേശത്തിലാണ് ഇന്ത്യ. എന്നാൽ ആഘോഷങ്ങൾക്കിടയിലും ഭാവി പദ്ധതികളെക്കുറിച്ച് മനസ് തുറക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ.ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്‌വെ എന്നിവിടങ്ങളിലായി നടക്കുന്ന 2027 ഏകദിന ലോകകപ്പിനുള്ള ഒരുക്കങ്ങൾ ഐപിഎല്ലിന് ശേഷം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ ബൗൺസുള്ള പിച്ചുകളിൽ കളിക്കുക അത്ര എളുപ്പമല്ലെന്നും ഗംഭീർ ചൂണ്ടിക്കാട്ടി. ഒരു ദേശീയ മാദ്ധ്യമത്തിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘ദക്ഷിണാഫ്രിക്കയിൽ ക്രിക്കറ്റ് കളിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അവിടുത്തെ സാഹചര്യങ്ങൾക്ക് ഇണങ്ങുന്ന താരങ്ങൾ ആരെല്ലാമാണെന്ന് ഞങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ടീം കോമ്പിനേഷനുകളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കണം. സെലക്ടർമാരും കോച്ചുമാരും ചേർന്ന് അത് ചെയ്യും. ഐപിഎൽ കഴിയമ്പോഴേക്കും 2027 ഏകദിന ലോകകപ്പിനുള്ള കൃത്യമായ പ്ലാൻ ഇന്ത്യയുടെ കൈവശമുണ്ടാകും’.ഗംഭീർ പറഞ്ഞു.
Source link

