‘ഞങ്ങളുടെ പ്രണയം വിജയിച്ചു, എന്റെ അച്ഛനും സഹോദരന്മാരും തോറ്റു’ കാമുകന്റെ മൃതദേഹത്തെ വിവാഹം ചെയ്‌ത് പെൺകുട്ടി

മുംബയ്: കാമുകന്റെ ശവസംസ്കാര ചടങ്ങിനിടെ സ്വയം സിന്ദൂരം ചാർത്തി അയാളെ വിവാഹം കഴിച്ചതായി പ്രഖ്യാപിച്ച് കാമുകി. ഇനിയുള്ള കാലം യുവാവിന്റെ ഭാര്യയായി അയാളുടെ വീട്ടിൽ കഴിയുമെന്നും പെൺകുട്ടി പറഞ്ഞു. ജാതിമാറി പ്രണയിച്ചതിന് വ്യാഴാഴ്ചയാണ് പെൺകുട്ടിയുടെ വീട്ടുകാർ സാക്ഷാം ടേറ്റ് എന്ന 20 കാരനെ കൊലപ്പെടുത്തിയത് . മഹാരാഷ്‌ട്രയിലെ നന്ദേഡിലാണ് സംഭവം. പെൺകുട്ടിയുടെ സഹോദരന്മാരും പിതാവും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്. ഇരുവരുടെയും ബന്ധത്തെ എതിർത്ത ഇവർ യുവാവിനെ മർദ്ദിച്ച് അവശനാക്കുകയും കല്ല് കൊണ്ട് തലയിലിടിക്കുകയും ഇയാൾക്ക് നേരെ വെടിവയ്‌ക്കുകയും ചെയ്‌തു.
തന്റെ സഹോദരന്മാരെ കാണാൻ പതിവായി വീട്ടിൽ വരാറുണ്ടായിരുന്ന സാക്ഷാം ടേറ്റുമായി മൂന്ന് വർഷങ്ങൾക്ക് മുൻപാണ് പെൺകുട്ടി അടുപ്പത്തിലായത്. ഇതറിഞ്ഞ പെൺകുട്ടിയുടെ കുടുംബം ജാതി വ്യത്യാസം പറഞ്ഞ് ബന്ധത്തെ എതിർത്തെങ്കിലും ഇരുവരും പിന്മാറാൻ അവർ തയ്യാറായില്ല. ഇരുവരും ഉടൻ വിവാഹം കഴിക്കാൻ പോകുകയാണെന്ന് മനസിലാക്കിയതോടെയാണ് പെൺകുട്ടിയുടെ വീട്ടുകാർ സാക്ഷാം ടേറ്റിനെ കൊലപ്പെടുത്തിയത്.
യുവാവിന്റെ ശവസംസ്‌കാര ചടങ്ങ് നടക്കുന്നതിനിടെ പെൺകുട്ടി അയാളുടെ വീട്ടിൽ എത്തുകയായിരുന്നു. സാക്ഷാം ടേറ്റിന്റെ മൃതദേഹത്തെ വിവാഹം ചെയ്‌തതായി പ്രഖ്യാപിച്ച യുവതി കൊലപാതകം നടത്തിയവർക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. ‘സാക്ഷാമിന്റെ മരണത്തിലും ഞങ്ങളുടെ പ്രണയം വിജയിച്ചു. എന്റെ അച്ഛനും സഹോദരന്മാരും തോറ്റു’ പെൺകുട്ടി പറഞ്ഞു.
Source link

