CINEMA
ജോഷി- ഉണ്ണി മുകുന്ദൻ ചിത്രം ഉപേക്ഷിച്ചു

ബിഗ് ബഡ്ജറ്റിൽ ഉണ്ണി മുകുന്ദൻ നായകനായി ജോഷി സംവിധാനം ചെയ്യാൻ നിശ്ചയിച്ചിരുന്നആക്ഷൻ ചിത്രം ഉപേക്ഷിച്ചതായി വിവരം. കഥയിൽ തൃപ്തി വരാത്തതും ഉയർന്ന ബഡ്ജറ്റും ആണ് പ്രോജക്ട് ഉപേക്ഷിക്കാൻ കാരണം എന്നറിയുന്നു. ചിത്രത്തിന്റെ പൂജയുടെ മുന്നോടിയായി ജോഷി, ഉണ്ണിമുകുന്ദൻ ഉൾപ്പെടെയുള്ളവർ ക്ഷേത്രദർശനം നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു . ’മാർക്കോ” എന്ന ബ്ളോക്ക് ബസ്റ്ററിനു ശേഷം മറ്റൊരു വമ്പൻ ആക്ഷൻ ചിത്രത്തിന്റെ ഭാഗമായി ജോഷിയുമായി ഉണ്ണിമുകുന്ദൻ ഒരുമിക്കുന്നതിനാൽ ചിത്രത്തെക്കുറിച്ച് പ്രതീക്ഷകളും ഏറി.
കഥാപാത്രത്തിനുവേണ്ടി ഉണ്ണിമുകുന്ദൻ ദുബായിൽ കായിക പരിശീലനം നടത്തുകയും ചെയ്തിരുന്നു. ഇതുവരെ കാണാത്ത ഗെറ്റപ്പിൽ ഉണ്ണി മുകുന്ദൻ എത്തുന്നു എന്ന് അണിയറ പ്രവർത്തകർ സൂചിപ്പിച്ചിരുന്നു. ദുബായ് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
മലയാളത്തിന്റെ ഹിറ്റ് മേക്കർ സംവിധായകനും ആക്ഷൻ സൂപ്പർ സ്റ്റാർ ഉണ്ണിമുകുന്ദനും ഒന്നിക്കുന്ന മുഴുനീള ആക്ഷൻ എന്റർടെയ്നർ അണിയറയിൽ ഒരുങ്ങുന്നുവെന്ന പ്രഖ്യാപനം സിനിമാലോകത്തും ചർച്ചയായി. കഴിഞ്ഞ വർഷം ജൂലായ്18ന് ജോഷിയുടെ പിറന്നാൾ ദിനത്തിലായിരുന്നു പ്രഖ്യാപനം . ഒരു വർഷം അടുക്കുമ്പോഴും പ്രോജക്ട് സംബന്ധിച്ച് വിവരമൊന്നുമില്ല. തെന്നിന്ത്യൻ താരം പ്രിയങ്ക മോഹനെ ആണ് നായികയായി നിശ്ചയിച്ചിരുന്നത് .
ജോഷി സംവിധാനം ചെയ്ത മെഗാഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസിന് രചന നിർവഹിച്ച അഭിലാഷ് എൻ. ചന്ദ്രനാണ് തിരക്കഥ. ഉണ്ണിമുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണിമുകുന്ദൻ, ഐൻസ്റ്റീൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റീൻ സാക്പോൾ എന്നിവർ ചേർന്നായിരുന്നു നിർമ്മാണം. അതേസമയം മോഹൻലാൽ നായകനായി ജോഷി സംവിധാനം ചെയ്യാനിരുന്ന റമ്പാൻ എന്ന ചിത്രം പൂജയ്ക്ക് ശേഷം മുടങ്ങിയിരുന്നു. മാസ് എന്റർടെയ്നറായി നിശ്ചയിച്ച ചിത്രത്തിന്റെ പൂജ 2023 ഒക്ടോബർ 30നാണ് നടന്നത്. 2024ൽ ചിത്രീകരണം ആരംഭിക്കാനും 2025 വിഷു റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തിക്കാനുമായിരുന്നു പ്ളാൻ. നടൻ ചെമ്പൻ വിനോദ് തിരക്കഥ എഴുതുന്ന സിനിമ കൂടിയായിരുന്നു. ഇന്ത്യയിലും വിദേശത്തും ചിത്രീകരിക്കാനായിരുന്നു തീരുമാനം. അതേസമയം ജോജു ജോർജ്, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ’ആന്റണി” ആണ് ജോഷിയുടെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം.
Source link


