ജോലിക്ക് ധരിക്കാൻ സ്യൂട്ടിന് പകരം ടീഷർട്ടാക്കി, ഓട്ടോറിക്ഷയ്ക്ക് അടിക്കാൻ പെട്രോളില്ല, ഇറാൻ അമേരിക്ക യുദ്ധം മറ്റ് ഏഷ്യൻ രാജ്യങ്ങളിലുണ്ടാക്കിയ കുഴപ്പം ചില്ലറയല്ല

അമേരിക്കയും ഇറാനും ഇസ്രയേലും തമ്മിലെ യുദ്ധം ഒരു മാസത്തോടടുക്കുകയാണ്. ഇന്ധനവിലക്കയറ്റവും ലഭ്യതകുറവും അസിയാൻ രാജ്യങ്ങളെയും സാരമായി ബാധിച്ചിരിക്കുകയാണ്. മിക്ക അസിയാൻ രാജ്യങ്ങളും ഇന്ധനം ഇറക്കുമതി ചെയ്യുന്നവരാണ്. ഫിലിപ്പൈൻസ് രാജ്യത്ത് ദേശീയ ഊർജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗൾഫ് മേഖലയിൽ നിന്നാണ് ഫിലിപ്പൈൻസിൽ 98 ശതമാനം എണ്ണയിറക്കുമതിയും നടക്കുന്നത്. രാജ്യത്തെത്തുന്ന എൽഎൻജി ഇന്ധനം ഹോർമൂസ് കടലിടുക്ക് കടന്നുവേണം വരാൻ. 45 ദിവസത്തേക്ക് വിതരണത്തിനുള്ള എണ്ണ മാത്രമേ രാജ്യത്തുള്ളൂ എന്ന് വന്നതോടെയാണ് ഇന്നലെ ദേശീയ ഊർജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.കൽക്കരി ഉപയോഗം വർദ്ധിപ്പിച്ചും പരസ്യ ഹോൾഡിംഗുകൾ ഓഫ് ചെയ്തും വിമാനങ്ങൾ പുറപ്പെടാതാക്കിയും പരമാവധി നാല് ദിവസം മാത്രം പ്രവർത്തി ദിനമാക്കിയും ഇന്ധനക്ഷാമത്തെ നേരിടാൻ ഫിലിപ്പൈൻസ് ശ്രമിക്കുകയാണ്.തായ്ലന്റിനും ഇന്ധനക്ഷാമം വലിയ ബുദ്ധിമുട്ട് തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. 60 ശതമാനത്തോളം പെട്രോളിയം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് തായ്ലൻഡ്. ഇതിൽ പകുതിയോളം എൽഎൻജി വരുന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്.രണ്ട് മാസത്തേക്കുള്ള ഇന്ധനം മാത്രമാണ് രാജ്യത്ത് അവശേഷിക്കുന്നത്. അതിനാൽ ഇന്ധന കയറ്റുമതി തായ്ലൻഡ് നിർത്തി. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച സാരമായി ബാധിക്കപ്പെട്ടു. ഓഫീസ് വസ്ത്രധാരണത്തിലടക്കം ഊർജസംരക്ഷണത്തിൽ ശക്തമായ നടപടി സർക്കാർ എടുത്തുതുടങ്ങി. കോട്ടും സ്യൂട്ടും ധരിക്കുന്നതിന് പകരം ഇളം നിറമുള്ള ടീഷർട്ടുകൾ ധരിക്കണം, കാരണം അപ്പോൾ ഓഫീസിൽ എസി ഉപയോഗം കുറയും. ഇന്ധനം ഉപയോഗിച്ച് ഓഫീസ് പ്രവർത്തനം ഇത്തരത്തിൽ നിയന്ത്രിക്കാനാകും. എലവേറ്റർ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. കാർപൂളിംഗ് പ്രോത്സാഹിപ്പിക്കുന്നുണ്ട്.
Source link

