ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരൻ പാകിസ്ഥാനിൽ മരണപ്പെട്ടു; സംഭവത്തിൽ ദുരൂഹത

ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസറിന്റെ മൂത്ത സഹോദരൻ മുഹമ്മദ് താഹിർ അൻവർ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യങ്ങളിൽ മരണപ്പെട്ടതായി റിപ്പോർട്ട്. പാകിസ്ഥാനിലെ ജാമിയ മസ്ജിദ് ഉസ്മാൻ വാലിയിൽ താഹിറിന്റെ സംസ്കാരച്ചടങ്ങുകൾ നടന്നുവെന്നാണ് സൂചന. മരണകാരണം വ്യക്തമല്ല.
മസൂദ് അസറിന്റെ അഞ്ച് സഹോദരന്മാരിൽ ഒരാളാണ് താഹിർ. ജെയ്ഷെ മുഹമ്മദിന്റെ ഭീകരപ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്നു. ഓപ്പറേഷൻ സിന്ദൂറിൽ മസൂദിന്റെ പത്ത് കുടുംബാംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടിരുന്നു.
യുഎൻ സുരക്ഷാ കൗൺസിൽ അന്താരാഷ്ട്ര ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയ മസൂദ് അസർ 2001 ലെ പാർലമെന്റ് ആക്രമണം, 2008 ലെ മുംബയ് ആക്രമണം, 2016 ലെ പത്താൻകോട്ട് ആക്രമണം, 2019 ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിലെ ഗൂഢാലോചനയിൽ പങ്കാളിയാണ്.
ഇന്ത്യക്കെതിരെ ഏത് നിമിഷവും ആക്രമണം നടത്താൻ തയ്യാറായി ആയിരത്തിലേറെ ചാവേർ ബോംബർമാർ തന്റെ ഒപ്പമുണ്ടെന്ന് അവകാശപ്പെടുന്ന മസൂദിന്റേതെന്ന് കരുതുന്ന ശബ്ദ സന്ദേശം ജനുവരിയിൽ പുറത്തുവന്നിരുന്നു. ചാവേറുകളുടെ ശരിക്കുമുള്ള എണ്ണം പറഞ്ഞാൽ ലോകം ഞെട്ടുമെന്നും സന്ദേശത്തിലുണ്ടായിരുന്നു. സന്ദേശത്തിന്റെ ആധികാരികത വ്യക്തമല്ല. ഇതിന് മുമ്പും മസൂദിന്റേതെന്ന് പറയപ്പെടുന്ന ഭീഷണി സന്ദേശങ്ങൾ പുറത്തുവന്നിട്ടുണ്ട്. മസൂദ് അസർ പാക് സൈന്യത്തിന്റെയും ചാരസംഘടനയായ ഐ.എസ്.ഐയുടെയും സഹായത്തോടെ സുരക്ഷിത താവളത്തിലുണ്ടെന്നാന്ന് ഇന്റലിജൻസ് ഉറവിടങ്ങൾ വ്യക്തമാക്കുന്നത്.
TAGS: NEWS 360, WORLD, WORLD NEWS, JAISH E MOHAMMED, MOULANA MASOOD AZHAR, PAKISTAN
Source link


