ജീവൻ പോലും പണയം വച്ച് കെട്ടിടത്തിനു മുകളിൽ ജോലി ചെയ്യുന്ന അമ്മ; ദൃശ്യങ്ങൾ പകർത്തി മകൻ

ന്യൂഡൽഹി: നഗരങ്ങൾ പടുത്തുയർത്താനും നമ്മുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിലും നിർണായക പങ്കുവഹിക്കുന്നവരാണ് ദിവസക്കൂലിക്കാർ. എന്നാൽ, കൂലിപ്പണിക്കായി ഇറങ്ങിപ്പുറപ്പെടുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾ, കുടുംബത്തിന്റെ വിശപ്പടക്കാൻ ജീവൻ പണയം വച്ചാണ് ജോലി ചെയ്യുന്നത്.
കടുത്ത ദാരിദ്ര്യവും മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങളുടെയും അഭാവവും കാരണം ഇവർ ദിനംപ്രതി നേരിടുന്ന അപകടങ്ങളും യാതനകളും പലപ്പോഴും ആരുടെയും കണ്ണിൽപ്പെടാറില്ല. ഇപ്പോഴിതാ വലിയൊരു കെട്ടിടത്തിന്റെ മുകൾത്തട്ടിൽ ജീവൻ പണയപ്പെടുത്തി ജോലി ചെയ്യുന്ന ഒരു അമ്മയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തുന്നത്.
ഒരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് അവർ ജോലി ചെയ്യുന്നത്. എന്നാൽ അതിനെക്കാൾ ഏറെ വേദനിപ്പിച്ചത് ഈ ദൃശ്യം പകർത്തിക്കൊണ്ട് തൊട്ടടുത്ത് കളിച്ചുകൊണ്ട് നിൽക്കുന്ന അവരുടെ മകന്റെ സാന്നിദ്ധ്യമായിരുന്നു. തന്റെ അമ്മ നേരിടുന്ന അപകടത്തെക്കുറിച്ച് കുട്ടിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. അമ്മ എടുക്കുന്ന റിസ്‌കിനെക്കുറിച്ച് അവൻ ദൃശ്യങ്ങളിൽ വിവരിക്കുന്നുമുണ്ട്. താനും അമ്മയോടൊപ്പം അതേ മേൽക്കൂരയിൽ തൊട്ടടുത്ത് കളിക്കുകയാണെന്നും കുട്ടി പറയുന്നു.
വീഡിയോ വൈറലായതോടെ അമ്മയുടെ ധൈര്യത്തെയും കഷ്ടപ്പാടിനെയും ഒരുപാട് പേർ പ്രശംസിച്ചു. അതേസമയം, കെട്ടിടം പണിയുന്നവർക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകാത്തതിനെതിരെ ശക്തമായ രോഷമാണ് സോഷ്യൽമീഡിയ ഉപയോക്താക്കളിൽ നിന്നും ഉയർന്നത്.
‘കെട്ടിട നിർമ്മാതാവിനെതിരെ പിഴ ചുമത്തണം. തൊഴിലാളികളുടെ സുരക്ഷയ്ക്കു വേണ്ടി കൃത്യമായ സജ്ജീകരണങ്ങൾ ഒരുക്കണം’- ഒരാൾ കുറിച്ചു. ‘ഇന്ത്യ ഇതിലും മികച്ച രാജ്യമായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പൊകുന്നു. അമ്മയ്ക്ക് ഇങ്ങനെ ജോലി ചെയ്യുകയല്ലാതെ മറ്റ് മാർഗങ്ങളൊന്നും ഇല്ലായിരിക്കും. ഇതാണ് ആ കുട്ടിയുടെ ബാല്യം’. മറ്റൊരാൾ അഭിപ്രായപ്പെട്ടു.
Source link



