test del 5 copy of del 3
ജാതി, നിറം, അച്ഛന്റെ തൊഴിൽ…’നിതിൻ തുടർച്ചയായി അധിക്ഷേപം നേരിട്ടു’; അപമാനിച്ചു, ജീവനെടുത്തു

കണ്ണൂർ/തിരുവനന്തപുരം ∙ കണ്ണൂർ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം ആനമങ്ങാട് സ്വദേശി ആർ.എൽ.നിതിൻ രാജ് (22) ആശുപത്രി കെട്ടിടത്തിൽനിന്നു ചാടി മരിച്ച സംഭവത്തിൽ കോളജിനെതിരെ ഗുരുതര ആരോപണങ്ങളുമായി രക്ഷിതാക്കൾ. കോളജിലെ അധ്യാപകൻ മകനെ ജാതി പറഞ്ഞും ‘പുഴുത്ത പട്ടി’ എന്നു വിളിച്ചും അധിക്ഷേപിച്ചതായി പിതാവ് രാജൻ ആരോപിച്ചു. കോളജിലെ 3 അധ്യാപകർക്കെതിരെയാണ് ആരോപണങ്ങൾ. ഇവർക്കെതിരെ പൊലീസിലും പട്ടികജാതി കമ്മിഷനിലും പരാതി നൽകുമെന്ന് രാജൻ അറിയിച്ചു. സംഭവത്തിൽ അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ.റാം, അധ്യാപിക ഡോ. കെ.ടി.സംഗീത നമ്പ്യാർ എന്നിവരെ സസ്പെൻഡ് ചെയ്തു.ആര്യനാട് ഉഴമലയ്ക്കൽ പുതുക്കുളങ്ങര ചാലക്കാട് തടത്തരികത്ത് വീട്ടിൽ പെയ്ന്റിങ് തൊഴിലാളിയായ വൈ.എൽ.രാജന്റെയും തൊഴിലുറപ്പ് പദ്ധതി തൊഴിലാളിയായ സി.ആർ.ലതയുടെയും ഏക മകനായ ആർ.എൽ.നിതിൻ രാജിനെ വെള്ളിയാഴ്ച ഉച്ചയ്ക്കു 2 മണിക്കാണ് കണ്ണൂർ അഞ്ചരക്കണ്ടിയിലെ കോളജ് കെട്ടിടത്തിൽനിന്നു വീണു മരിച്ചനിലയിൽ കണ്ടെത്തിയത്. അന്നു രാവിലെ 11നു നിതിൻ രാജ് വീട്ടിലേക്കു വിളിച്ച് അച്ഛനോടും സഹോദരിമാരോടും സംസാരിച്ചിരുന്നു. വൈകിട്ടുള്ള ട്രെയിനിൽ വീട്ടിലേക്കു തിരിക്കാൻ ടിക്കറ്റ് എടുത്തതായും അറിയിച്ചു. ഇതിനു ശേഷം എന്തു പറ്റിയെന്ന് ആർക്കും അറിയില്ലെന്നു രാജൻ പറഞ്ഞു. ഇന്ന് ഉച്ചയോടെ മൃതദേഹം സംസ്കരിക്കും.നിതിൻ മരിച്ച വിവരം ചാനൽവാർത്ത കണ്ടാണ് രക്ഷിതാക്കൾ അറിഞ്ഞത്. തുടർന്ന് അച്ഛൻ രാജൻ കോളജ് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. പ്രിൻസിപ്പലിനെ പലതവണ വിളിച്ചെങ്കിലും പ്രതികരിച്ചില്ലെന്നു രാജൻ പറഞ്ഞു. വീണ്ടും വിളിച്ചപ്പോൾ, ‘നിങ്ങൾക്കു താങ്ങാൻ പറ്റുമെങ്കിൽ കേട്ടോളൂ’ എന്നു പറഞ്ഞു മകൻ കെട്ടിടത്തിന്റെ മുകളിൽനിന്നു താഴെ വീണതായി അറിയിക്കുകയായിരുന്നു.
Source link


