LATEST

സ്ഥാനാർത്ഥികളെ കിട്ടാനുണ്ടോ? പാലക്കാട് ബിജെപിക്ക് മത്സരിക്കാനാളില്ല, 43 വാർഡുകളിൽ സ്ഥാനാർത്ഥികളില്ല

പാലക്കാട്: പാലക്കാട് ജില്ലയിൽ പലയിടത്തും തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ബിജെപിക്ക് സ്ഥാനാർത്ഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥികളില്ല. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച് വാർഡുകളിലും കാഞ്ഞിരപ്പുഴയിൽ എട്ട് വാർഡുകളിലും മത്സരിക്കാൻ ബിജെപിക്ക് സ്ഥാനാർത്ഥികളില്ല. സ്വതന്ത്ര സ്ഥാനാർത്ഥികളെ പിന്തുണയ്ക്കില്ലെന്നും ബിജെപി അറിയിച്ചു.

കഴിഞ്ഞ തവണ ബിജെപി മുഖ്യപ്രതിപക്ഷമായിരുന്ന പുതുനഗരം പഞ്ചായത്തിൽ നാല് വാർഡുകളിലും ആലത്തൂർ, അലനല്ലൂർ പഞ്ചായത്തുകളിൽ അഞ്ചിടങ്ങളിലും സ്ഥാനാർത്ഥികളില്ലാത്ത അവസ്ഥയാണ്. പുതുനഗരം, വടകരപ്പതി, പെരുമാട്ടി, വണ്ടാഴി എന്നീ പഞ്ചായത്തുകളിലെ നാല് വാർഡുകളിൽ മത്സരിക്കാനാളില്ല. കാരക്കുറിശി, വടക്കഞ്ചേരി പഞ്ചായത്തുകളിൽ മൂന്നിടത്തും കിഴക്കഞ്ചേരി രണ്ടിടത്തും മങ്കരയിൽ ഒരിടത്തും ബിജെപിക്ക് സ്ഥാനാർത്ഥികളില്ല.

അതേസമയം, പാലക്കാട് ജില്ലയിൽ പതിറ്റാണ്ടുകളായി ഇടതിന്റെ കുത്തക മണ്ഡലമായ മലമ്പുഴയിലും സമീപ പഞ്ചായത്തായ അകത്തേത്തറയിലും ഇക്കുറി പോരാട്ടം തീപാറും. ഈ പഞ്ചായത്തുകളിൽ സമീപ കാലത്തായി ബിജെപി ശക്തമായിട്ടുണ്ട്. 17 സീറ്റുള്ള അകത്തേത്തറ പഞ്ചായത്തിൽ ഏഴും 13 സീറ്റുകളുള്ള മലമ്പുഴ പഞ്ചായത്തിൽ അഞ്ചും സീറ്റ് നിലവിൽ ബിജെപിക്കുണ്ട്. കോൺഗ്രസിനാകട്ടെ മലമ്പുഴയിൽ രണ്ടു സീറ്റുള്ളപ്പോൾ അകത്തേത്തറയിൽ ഒരു സീറ്റു പോലുമില്ല.

ഭരണം നിലനിറുത്താൻ എൽഡിഎഫ് ശ്രമിക്കുമ്പോൾ സീറ്റുനില കൂട്ടാനും ഭരണത്തിലേറാനുമുളള മത്സരത്തിലാണ് യുഡിഎഫും ബിജെപിയും. ഇത്തവണ മലമ്പുഴയിൽ ഒന്നും അകത്തേത്തറയിൽ രണ്ടും വാർഡ് കൂടിയിട്ടുണ്ട്. പഞ്ചായത്തും സംസ്ഥാന സർക്കാരും നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് മലമ്പുഴ പഞ്ചായത്തിൽ ഇടതുമുന്നണിയുടെ പ്രചാരണം.

മലമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി, ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിച്ചു, പാലിയേറ്റിവ് കെയർ പദ്ധതി നടപ്പാക്കി എന്നിങ്ങനെ പോകുന്നു ഭരണപക്ഷ നേട്ടങ്ങൾ. എന്നാൽ വന്യമൃഗശല്യം രൂക്ഷമായ പഞ്ചായത്തുകളാണ് മലമ്പുഴയും അകത്തേത്തറയും. ഭരണപക്ഷം നേട്ടങ്ങൾ നിരത്തുമ്പോഴും പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും വന്യമൃഗശല്യം തുടർക്കഥയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കോടികൾ മുടക്കിയ മലമ്പുഴ ബസ് സ്റ്റാൻഡ് ജനങ്ങൾക്ക് ഉപകാരപ്രദമല്ലെന്നതടക്കമുള്ള നിരവധി വിഷയങ്ങളും ഇവർ ഉന്നയിക്കുന്നുണ്ട്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button