ജനനായകന് വീണ്ടും തിരിച്ചടി; റിലീസ് അനുമതി നിഷേധിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തന്റെ അവസാന സിനിമയായ ജനനായകന്റെ റിലീസിൽ നടനും ടിവികെ നേതാവുമായ വിജയ്ക്ക് വീണ്ടും കനത്ത തിരിച്ചടി. ചിത്രത്തിന്റെ റിലീസ് അനുമതി മദ്രാസ് ഹൈക്കോടതി നിഷേധിച്ചു. സെൻസർ ബോർഡിന്റെ അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. റിലീസുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവും ഡിവിഷൻ ബെഞ്ച് റദ്ദാക്കി. എതിർ സത്യവാങ്‌മൂലം സമർപ്പിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് (സിബിഎഫ്‌സി) സാവകാശം നൽകിയില്ലെന്ന വാദം അംഗീകരിച്ചാണ് ഉത്തരവ്.
ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി നേരത്തെ സുപ്രീംകോടതിയും പരിഗണിച്ചിരുന്നില്ല. മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ ജസ്റ്റിസ് ദീപാങ്കർ ദത്ത അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിക്കുകയായിരുന്നു. നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസിനായി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്‌തഗിയാണ് അടിയന്തര സെൻസർ ബോർഡ് സർട്ടിഫിക്കേഷൻ ആവശ്യപ്പെട്ട് അപ്പീൽ സമർപ്പിച്ചത്. പൊങ്കൽ അവധി കഴിഞ്ഞ് ജനുവരി 20ന് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഹർജി പരിഗണിക്കുമെന്നും ഈ ഘട്ടത്തിൽ ഹർജി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതി ഹർജി പരിഗണിക്കാതിരുന്നത്.
രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങുന്ന നടൻ വിജയ്‌യുടെ അവസാന ചിത്രമെന്ന ടാഗ്‌ലൈനോടെ പ്രഖ്യാപിച്ച ചിത്രമാണ് ജനനായകൻ. ജനുവരി ഒമ്പതിനാണ് ജനനായകൻ യു/എ റിലീസ് ചെയ്യാൻ മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് അനുമതി നൽകിയത്. ജസ്റ്റിസ് പി ടി ആശയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിടാനുള്ള സെൻസർ ബോർഡ് ചെയർമാന്റെ തീരുമാനവും സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. എന്നാൽ സെൻസർ ബോർഡിന്റെ അപ്പീലിൽ അന്ന് വൈകിട്ട് തന്നെ ചിത്രത്തിന്റെ റീലീസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് തടയുകയായിരുന്നു. തുടർന്നായിരുന്നു നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്.
Source link



