ജനനായകന് വിലക്ക് നീങ്ങുന്നു, തമിഴ് ബോക്സ് ഓഫീസിന് നൂറുകോടി നഷ്ടം

വിജയ് നായകനായി എച്ച്. വിനോദ് സംവിധാനം ചെയ്ത ജനനായകന്റെ പ്രദർശന വിലക്ക് ഇന്ന് നീങ്ങിയേക്കും . സി.ബി.എഫ് .സിയുടെ സർട്ടിഫിക്കറ്റ് ഇന്ന് ഒൗദ്യോഗികമായി കൈമാറും എന്നാണ് സൂചന.
ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ് . സർട്ടിഫിക്കറ്റ് ലഭിച്ചശേഷം പുതിയ പോസ്റ്റർ പുറത്തിറക്കാനാണ് നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസിന്റെ തീരുമാനം.
ഇൗമാസം റിലീസ് ചെയ്യാൻ വിതരണക്കാർ ഒരുങ്ങുന്നുണ്ട്. ജനനായകന്റെ ഒ.ടി.ടി അവകാശം സംബന്ധിച്ചും പ്രശ്നങ്ങൾ ഉയരുന്നുണ്ട്. പൊങ്കൽ റിലീസായി നിശ്ചയിച്ച ചിത്രം പ്രദർശനത്തിന് എത്താത്തതിനാൽ വൻ നഷ്ടം തങ്ങൾക്ക് ഉണ്ടാകുമെന്ന് ഒ.ടി.ടി അവകാശം സ്വന്തമാക്കിയ ആമസോൺ പ്രൈം നിർമ്മാതാക്കളെ അറിയിച്ചിട്ടുണ്ട്.
ജനനായകന്റെ റിലീസ് കാലതാമസം മൂലം തമിഴ് ബോക്സ് ഓഫീസിന് ഏകദേശം നൂറുകോടി രൂപ നഷ്ടം സംഭവിച്ചതായി ട്രേഡ് അനലിസ്റ്റ് രമേശ് ബാല വ്യക്തമാക്കി.
ജനനായകനും ശിവകാർത്തികേയന്റെ പരാശക്തിയും ബോക്സ് ഓഫീസിൽ ഏറ്റുമുട്ടേണ്ടതായിരുന്നു. ജനനായകൻ തമിഴ്നാട്ടിൽനിന്ന് മാത്രം 150-200 കോടി രൂപയ്ക്ക് അടുത്ത് നേട്ടം ഉണ്ടാക്കുമായിരുന്നു.കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ.നാരായണ നിർമ്മിക്കുന്ന ജനനായകനിൽ ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിത ബൈജു, നരേൻ, പ്രിയ മണി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
അനിരുദ്ധിന്റേതാണ് സംഗീതം. ജഗദീഷ് പളനി സാമി, ലോഹിത് . എൻ.കെ എന്നിവരാണ് കോ പ്രൊഡ്യൂസർമാർ. സത്യൻ സൂര്യനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അനൽ അരശാണ് ആക്ഷൻ കൊറിയോഗ്രാഫർ. അതേസമയം
പൊങ്കൽ റിലീസായി എത്തിയ ജീവയുടെ തലൈവർ തമ്പി തലൈമയിൽ 40 കോടി ആഗോള കളക്ഷൻ നേടി. തമിഴ്നാട്ടിൽനിന്ന് മാത്രം 32 കോടി നേടി.മലയാളിയായ നിതീഷ് സഹദേവ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ ജീവ ശക്തമായ തിരിച്ചുവരവ് നടത്തി.
Source link



