CINEMA

‘അവരെക്കുറിച്ച് നല്ലത് പറയാനില്ലെങ്കിൽ മിണ്ടാതിരിക്കൂ’ ഐശ്വര്യ റായ്‌യെ പിന്തുണച്ച് ബോളിവുഡ് നടി

സിനിമാഭിനയത്തിലൂടെയും കാൻസ് ഫിലിം ഫെസ്റ്റിവലിലെ വ്യത്യസ്ത വേഷങ്ങളിലൂടെയും ആരാധകരെ ഞെട്ടിച്ച താരമാണ് ബോളിവുഡ് നടി ഐശ്വര്യ റായ്. കാന്‍ ചലച്ചിത്രമേളയിൽ ഇന്ത്യയിൽ നിന്നുള്ള താരത്തിന്റെ ലുക്കിനായി കാത്തിരിക്കുന്നവരും നിരവധിയാണ്. എന്നാൽ അഭിനന്ദനങ്ങളോടൊപ്പം തന്നെ നിരവധി വിമർശനങ്ങളും താരത്തിനെ തേടിയെത്തിയിട്ടുണ്ട്. അതേസമയം ഐശ്വര്യ റായ്‌യെ ഉന്നംവച്ചുള്ള സൈബർ ബുള്ളിയിംഗ് നടത്തുന്നവർക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് നടി രേണുക ഷഹാനെ.

‘വർഷങ്ങളായി ഗ്ലോബൽ ബ്രാൻഡായ ലോറിയലിന്റെ ബ്രാൻഡ് അംബാസിഡറാണ് ഐശ്വര്യ. ഓരോതവണയും ഇന്ത്യക്കാരെയാണ് ഐശ്വര്യ കാനിൽ പ്രതിനിധീകരിക്കുന്നത്. എന്നാൽ ഐശ്വര്യ ധരിച്ച വസ്ത്രം ശരിയായില്ലെന്ന വിമർശനമാണ് എല്ലാവരും പറയുന്നത്. ദയവുചെയ്ത് അതൊരിക്കലും ചെയ്യരുത്. നിങ്ങൾക്ക് ഒന്നും നല്ലത് പറയാനില്ലെങ്കിൽ മിണ്ടാതിരുന്നാൽ മതി’- രേണുക ഷഹനെ പറഞ്ഞു. അമ്മയായി കഴിയുമ്പോൾ ശരീരം പണ്ടത്തെ പോലെ മെലിഞ്ഞിരിക്കണമെന്ന ചിന്തയുള്ളവരാണ് ഐശ്വര്യയെ കുറ്റപ്പെടുത്തുന്നതെന്നും ഇത് ശരിയായ കാര്യമല്ലെന്നും രേണുക കൂട്ടിച്ചേർത്തു. ആരാധ്യയുടെ ജനനത്തിന് ശേഷം ഐശ്വര്യ നിരന്തരം ട്രോളുകൾ നേരിട്ടിരുന്നു. നടനും ഐശ്വര്യയുടെ ഭർത്താവുമായ അഭിഷേക് ബച്ചൻ ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. ഐശ്വര്യ ഒരു അമ്മയും സ്ത്രീയുമാണെന്ന കാര്യം ജനങ്ങൾ മറന്നുപോകുന്നുവെന്നാണ് അഭിഷേക് പറഞ്ഞത്.

2002 മുതലാണ് ഐശ്വര്യ കാന്‍ ചലച്ചിത്രമേളയുടെ ഭാഗമാകുന്നത്. ദേവദാസ് എന്ന ചിത്രത്തിന്റെ പ്രീമിയറിനായാണ് ഐശ്വര്യ ഷാരൂഖ് ഖാനിനും, സഞ്ജയ് ലീല ബന്‍സാലിക്കും ഒപ്പമെത്തിയത്. കോസ്റ്റ്യൂം ഡിസൈനറായ നീത ലുല്ല ഡിസൈന്‍ ചെയ്ത മഞ്ഞ നിറത്തിലുള്ള സാരിയായിരുന്നു താരത്തിന്റെ ആദ്യ കാന്‍ ഔട്ട്ഫിറ്റ്. 2025ലെ ക്യാൻസിൽ രണ്ട് ശ്രദ്ധേയമായ വേഷങ്ങളിലൂടെ ഐശ്വര്യ ശ്രദ്ധനേടിയിരുന്നു. ആദ്യത്തേത് മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ബനാറസി സാരിയും ബോൾഡ് സിന്ദൂരവും ചേർന്നതായിരുന്നു വേഷം. മറ്റൊന്ന് ഗൗരവ് ഗുപ്ത ഡിസൈൻ ചെയ്ത കറുത്ത കളറിലെ വെൽവെറ്റ് ഗൗൺ ആയിരുന്നു. ഈ വസ്ത്രങ്ങൾക്കും ഐശ്വര്യ വിമർശനം നേരിട്ടിരുന്നു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button