ചൈനയിലേക്കല്ല ഇന്ത്യയിലേക്ക്; ക്രൂഡ് ഓയിലുമായി ഏഴ് റഷ്യൻ കപ്പലുകൾ ഉടൻ എത്തും

ന്യൂഡൽഹി : ഹോർമുസ് പ്രതിസന്ധി തുടരുന്നതിനിടെ ഇന്ത്യയിലേക്ക് കൂടുതൽ ക്രൂഡ് ഓയിലുകൾ എത്തിക്കാൻ റഷ്യ. റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ വർദ്ധിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി, ചൈനയിലേക്ക് പോയിരുന്ന ഏഴ് റഷ്യൻ എണ്ണക്കപ്പലുകൾ ഇന്ത്യയിലേക്ക് വഴിതിരിച്ചുവിട്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ അക്വ ടൈറ്റൻ എന്ന കപ്പൽ ഈ മാസം 21ന് ന്യൂ മംഗളുരുവിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി അവസാനം ബാൾട്ടിക് തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പലാണിത്. ചൈനീസ് തുറമുഖമായ റിസോവോ ലക്ഷ്യമിട്ടായിരുന്നു കപ്പലിന്റെ യാത്ര. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാൻ അമേരിക്കയുടെ അനുമതി ലഭിച്ചതോടെ കപ്പൽ ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു എന്നാണ് വിവരം.കുറഞ്ഞത് ഏഴു കപ്പലുകളെങ്കിലും ചൈനയിലേക്കുള്ള യാത്രയിൽ നിന്ന് യു ടേൺ അടിച്ച് ഇന്ത്യയിലേക്കുള്ള പാതയിലാണെന്നാണ് കാർഗോ ട്രാക്കിംഗ് സ്ഥാപനമായ വോർടെക്സയുടെ റിപ്പോർട്ട്. നിലവിൽ ഏകദേശം 96ലക്ഷം ബാരൽ റഷ്യൻ ക്രൂഡ് ഓയിലുമായി കപ്പലുകൾ ഇന്ത്യൻ സമുദ്ര മേഖലയ്ക്ക് സമീപമുണ്ടെന്നും വിതരണ തടസം നേരിട്ടാൽ ആഴ്ചകൾക്കുള്ളിൽ ഇവ ഇന്ത്യയിലെത്തിക്കാൻ കഴിയുമെന്നും സൂചനയുണ്ട്. അതിനിടെ ലൈബീരിയൻ കപ്പലായ സൂയസ് മാക്സ് സോസ എൻ ചൈനയിലേക്കുള്ള യാത്രാമദ്ധ്യേ ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. മാർച്ച് 25ന് ഗുജറാത്തിലെ സിക്കതുറമുഖത്ത് കപ്പൽ എത്തും.
Source link



