LATEST

ചെൽസിയെ ചതച്ച് ആഴ്സനൽ

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ചെൽസിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി ആഴ്സനൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്ത് അഞ്ചുപോയിന്റിന്റെ ലീഡ് വീണ്ടെടുത്തു.

ആഴ്സനലിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ഗോളടിച്ചത് ആഴ്സനലാണ്. 21-ാം മിനിട്ടിൽ വില്യം സാലിബയിലൂടെയായിരുന്നു ആദ്യ ഗോൾ പിറന്നത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ചെൽസി തിരിച്ചടിച്ചു. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ പിയറി ഹിൻകാപീയാണ് സമനില പിടിച്ചത്. 66-ാം മിനിട്ടിൽ യൂറിയൻ ടിംബർ മത്സരത്തിന്റെ വിധി കുറിച്ച ആഴ്സനലിന്റെ രണ്ടാം ഗോൾ നേടി. 70-ാം മിനിട്ടിൽ പെഡ്രോ നെറ്റോ രണ്ടാം മഞ്ഞക്കാർഡും കണ്ട് പുറത്തായത് ചെൽസിയുടെ തിരിച്ചുവരവിന് തടസമായി.

29 മത്സരങ്ങളിൽ 64 പോയിന്റുമായാണ് ആഴ്സനൽ ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക്

28 മത്സരങ്ങളിൽ 59 പോയിന്റാണുള്ളത്. 45പോയിന്റുള്ള ചെൽസി ആറാമതായി.

കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ 2-1ന് തോൽപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് 51 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്. നാലാം മിനിട്ടിൽ മാക്സ് ലാക്രോയ്ക്സിലൂടെ മുന്നിലെത്തിയിരുന്ന ക്രിസ്റ്റൽ പാലസിന് 56-ാം മിനിട്ടിൽ ലാക്രോയ്ക്സിനെ ചുവപ്പുകാർഡിലൂടെ നഷ്ടമായതാണ് കളിത്തിരിവായത്. 57-ാം മിനിട്ടിൽ ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില നൽകി . 65-ാം മിനിട്ടിൽ ബെഞ്ചമിൻ സെസ്കോ വിജയവും.


Source link

Related Articles

Back to top button