ചെലവ് വെറും 20 രൂപ, ഒരു പെട്ടിയില്‍ നിന്ന് സമ്പാദ്യം 240; വ്യത്യസ്തമായൊരു ബിസിനസ് ഐഡിയയുമായി യുവാവ്

ന്യൂഡൽഹി: മഞ്ഞുമൂടിയ കാശ്‌മീരിന്റെ ചിത്രങ്ങളും വീഡിയോകളും കാണുമ്പോൾ ആ മഞ്ഞൊന്നു തൊട്ടുനോക്കാൻ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ, ആ ആഗ്രഹത്തെ നല്ല മാർക്കറ്റിംഗ് തന്ത്രമാക്കി മാറ്റിയിരിക്കുകയാണ് ഒരു ചെറുപ്പക്കാരൻ. കാശ്‌മീരിലെ മഞ്ഞ് വിറ്റ് പണം സമ്പാദിക്കാൻ സാധിക്കുമോയെന്ന ചോദ്യവുമായെത്തിയ ഡീലക്‌സ് ഭയ്യാജി എന്ന കണ്ടന്റ് ക്രിയേറ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. കാശ്‌മീരിൽ നിന്നും ശേഖരിച്ച മഞ്ഞ് ബോക്‌സിലാക്കി ഡൽഹിയിലെത്തിച്ച് വിൽപ്പന നടത്തിയിരിക്കുകയാണ് യുവാവ്. മഞ്ഞ് ശേഖരിക്കുന്നതു മുതൽ വിൽപന നടത്തുന്നതുവരെയുള്ള വീഡിയോയും യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. രണ്ട് കോടിയോളം ജനങ്ങളാണ് ഇതുവരെ വീഡിയോ കണ്ടത്.
കാശ്‌മീരിലെ ഗുൽമാർഗിൽ നിന്നാണ് യുവാവ് മഞ്ഞ് ശേഖരിച്ചത്. ഇത് ഉരുകാതെ ദില്ലിയിൽ എത്തിക്കുകയെന്നതായിരുന്നു ലക്ഷ്യം. ഉരുകാതിരിക്കാൻ ഇൻസുലേറ്റഡ് ഐസ് ബോക്‌സിലാണ് മഞ്ഞ് ശേഖരിച്ചത്. വിമാനമാർഗമാണ് യുവാവ് ബോക്‌സുമായി ദില്ലിയിലെത്തിയത്. ഒപ്പമുണ്ടായിരുന്ന യാത്രക്കാർക്കും അതൊരു കൗതുകമായിരുന്നു. ദില്ലിയിൽ എത്തുമ്പോഴേക്ക് ഐസ് ഉരുകിപ്പോകുമെന്ന് ചിലർ പറയുന്നുണ്ട്. ദില്ലിയുടെ ഹൃദയഭാഗമായ കോണോട്ട് പ്ലേസിൽ വച്ചാണ് യുവാവ് ബോക്‌സ് തുറന്നത്. എന്നാൽ അപ്പോഴും മഞ്ഞ് അതേ രൂപത്തിൽ തന്നെയുണ്ടായിരുന്നു.
ഇവിടെ വച്ചാണ് യുവാവ് തന്റെ മാർക്കറ്റിംഗ് തന്ത്രം പുറത്തെടുത്തത്. 20 രൂപ നൽകിയാൽ കാശ്‌മീരിലെ യഥാർത്ഥ മഞ്ഞ് തൊട്ടുനോക്കാമെന്നതായിരുന്നു തന്ത്രം. മഞ്ഞ് ഉരുകിത്തീരുന്നതിന് മുൻപ് അദ്ദേഹത്തിന് 240 രൂപ സമ്പാദിക്കാൻ കഴിഞ്ഞു. ദൃശ്യങ്ങൾ വൈറലായതോടെ യുവാവിന്റെ മാർക്കറ്റിംഗ് ബുദ്ധിക്ക് വലിയ രീതിയിലുള്ള പ്രശംസയാണ് ലഭിക്കുന്നത്. പകരം വയ്‌ക്കാനില്ലാത്ത സ്‌റ്റാർട്ടപ് ഐഡിയയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Source link



