LATEST

ചെന്നിത്തലയ്‌ക്കറിയാം ഹരിപ്പാടിന്റെ ഹൃദയതാളം


ആലപ്പുഴ: ഹരിപ്പാട്ട് മത്സരിക്കുമ്പോഴെല്ലാം രമേശ് ചെന്നിത്തലയുടെ സ്ഥാനാർത്ഥി പര്യടനം ആരംഭിക്കുന്നത് പള്ളിപ്പാട് ഇരുപത്തെട്ടിൽ കടവിൽ നിന്നാണ്. ഇത്തവണയും പതിവ് തെറ്റിയില്ല. ഇന്നലെ ഇരുപത്തെട്ടിൽ കടവിൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണാണ് പര്യടനം ഉദ്ഘാടനം ചെയ്‌തത്. ചേപ്പാട്, ചിങ്ങോലി, ആറാട്ടുപുഴ, മുതുകുളം പഞ്ചായത്തുകളിലൂടെയായിരുന്നു ആദ്യദിന പര്യടനം.അപ്പർകുട്ടനാടിന്റെ മുക്കിലും മൂലയിലും സ്ഥാനാർത്ഥിയെത്തി. വഴിയരികിൽ കനത്ത വെയിലിനെ അവഗണിച്ച് വൃദ്ധരും കുട്ടികളുമടക്കം ആയിരങ്ങളാണ് ചെന്നിത്തലയ്‌ക്ക് അഭിവാദ്യമർപ്പിക്കാൻ കാത്തുനിന്നത്. കണിക്കൊന്നയുമായാണ് കുട്ടികളുടെ കാത്തിരിപ്പ്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ബാൻഡ് മേളത്തിന്റെ അകമ്പടി. സ്ഥാനാർത്ഥിയുടെ ചിത്രം പതിച്ച ബനിയനണിഞ്ഞ് പ്രവർത്തകരുടെ നീണ്ട നിര. ചൂടിൽ ആശ്വാസമാകാൻ ചിലർ ഇളനീർ സമ്മാനിച്ചു. സമയപരിമിതി കാരണം പലയിടത്തും ചെന്നിത്തല തുറന്ന വാഹനത്തിൽ നിന്ന് പ്രവർത്തകരോടും വോട്ടർമാരോടും സംസാരിച്ചു. ചിലയിടങ്ങളിൽ ഇറങ്ങി നടന്ന് പരിചയക്കാരുടെ തോളിൽ കൈയിട്ടും സൗഹൃദം പുതുക്കിയും മുന്നോട്ട്. ഓരോ സ്വീകരണ കേന്ദ്രത്തിലും ചിട്ടയായ ക്രമീകരണങ്ങളുണ്ടായിരുന്നു.സ്ഥാനാർത്ഥി എത്തും മുമ്പ് പ്രാദേശിക നേതാക്കൾ ഹരിപ്പാടിന്റെ വളർച്ചയും, ചെന്നിത്തല കൊണ്ടുവന്ന വികസനവും, യാഥാർത്ഥ്യമാക്കാൻ ഉദ്ദേശിക്കുന്ന ഹരിപ്പാട് മെഡിക്കൽ കോളേജ് അടക്കമുള്ള പദ്ധതികളെ കുറിച്ചും വിശദീകരിക്കും. തിക്കും തിരക്കുമില്ലാതെ പേര് വിളിക്കുന്നനുസരിച്ച് പ്രവർത്തകർക്ക് സ്ഥാനാർത്ഥിയെ ഷാൾ അണിയിക്കാനും ക്രമീകരണമുണ്ട്. രാപകൽ നീണ്ട പര്യടനത്തിൽ ഇരുചക്രവാഹനങ്ങളിൽ നൂറുകണക്കിന് പ്രവർത്തകർ സ്ഥാനാർത്ഥിക്ക് അകമ്പടിയായത്.


Source link

Back to top button