LATEST

ചൂര മീനിന്റെ ഉള്ളില്‍ നിന്ന് കിട്ടിയത് കണ്ട് ഞെട്ടി യുവതി; സാധാരണ സംഭവമെന്ന് കച്ചവടക്കാര്‍

തിരുവനന്തപുരം: മലയാളികളുടെ ഇഷ്ടപ്പെട്ട മീനുകളില്‍ ഒന്നാണ് ചൂര. എല്ലാ സീസണിലും ലഭ്യമാണ് എന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. എന്നാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ മീന്‍ വീട്ടില്‍ കൊണ്ടുവന്ന ശേഷം കറിവയ്ക്കാന്‍ വൃത്തിയാക്കിയപ്പോള്‍ വീട്ടമ്മയായ ദിവ്യ ഞെട്ടി. ജീവനുള്ള പുഴുക്കളെയാണ് ചൂരയുടെ ഉള്ളില്‍ നിന്ന് ലഭിച്ചത്. വീട്ടിലെത്തി വൃത്തിയാക്കാനായി പുറത്തെടുത്തപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്ന് വീട്ടമ്മ പ്രതികരിച്ചു.

ജീവനുള്ള പുഴുക്കളെ കണ്ടെത്തിയതിന് പിന്നാലെ വീട്ടമ്മ മീനുമായി തിരികെ മാര്‍ക്കറ്റിലേക്ക് തന്നെ എത്തുകയും ചെയ്തു. തനിക്ക് മീന്‍ വിറ്റ വ്യാപാരിയോട് പറഞ്ഞെങ്കിലും അവര്‍ അത് മീനിലുള്ള വിരകളാണെന്നാണ് പറഞ്ഞത്. ഇതോടെ പഞ്ചായത്തിലും പൊലീസിലും പരാതി നല്‍കിയിരിക്കുകയാണ് ദിവ്യ. പഞ്ചായത്തില്‍ അറിയിച്ചതിന് പിന്നാലെ പഞ്ചായത്ത് പ്രസിഡന്റ് അടക്കം സ്ഥലത്തെത്തി പുഴുക്കളുണ്ടെന്ന് കണ്ടെത്തി.

മീന്‍ വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവെപ്പിച്ചു. പുഴുവാണോ എന്ന് സ്ഥിരീകരിക്കാനായി ആരോഗ്യവകുപ്പ് ലാബില്‍ പരിശോധനയ്ക്കയച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. അടുത്തിടെ തിരുവനന്തപുരം വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് മത്സ്യ വിഭവങ്ങള്‍ കഴിച്ച കൊല്ലം സ്വദേശികള്‍ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ മത്സ്യം കഴിച്ചവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തുന്ന മീനുകളില്‍ ഉള്‍പ്പെടെ കര്‍ശനമായ പരിശോധന വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.


Source link

Related Articles

Back to top button