test del 4 copy of del 3
ചന്ദ്രനിൽ ഒളിഞ്ഞിരിക്കുന്നത് ‘ട്രില്യൻ ഡോളർ’ രഹസ്യം?; അമ്പിളിമാമൻ ഇനി പുതിയ പോരാട്ടങ്ങൾക്കു വേദി

അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനെ ലക്ഷ്യമിടുന്നത് വെറുമൊരു കാൽപാടു പതിപ്പിക്കാനല്ല, അവിടുത്തെ അപൂർവ നിധികളിൽ അവകാശം സ്ഥാപിക്കാനാണ്. ആർട്ടെമിസ്-2 ദൗത്യം വിജയകരമായ ഈ വേളയിൽ, ശാസ്ത്രലോകം ചർച്ച ചെയ്യുന്നത് ചന്ദ്രനിലെ വാട്ടർ ഐസും ഹീലിയം 3യും ആര് നിയന്ത്രിക്കുമെന്നതിനെക്കുറിച്ചാണ്. ശാസ്ത്ര പര്യവേക്ഷണം എന്നതിലുപരി ചാന്ദ്രയാത്രകൾ ഒരു പുതിയ ‘കൊളോണിയൽ നീക്ക’ങ്ങളായി മാറുന്നതിന്റെ സൂചനകളാണ് ഇപ്പോൾ വ്യക്തമാകുന്നത്. ചന്ദ്രനിലെ വിലപ്പെട്ട വിഭവങ്ങൾ കൈക്കലാക്കാൻ യുഎസും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കിടയിൽ മത്സരം കടുക്കുകയാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ജലസാന്നിധ്യവും ഭാവിയിലെ ഇന്ധനമായി വിലയിരുത്തപ്പെടുന്ന ഹീലിയം 3യുടെ സുലഭസാന്നിധ്യവുമാണ് ഈ പുതിയ സ്പേസ് റേസിന്റെ പ്രധാന ലക്ഷ്യങ്ങൾ. പര്യവേക്ഷണ ദൗത്യങ്ങൾക്കൊപ്പം, ചന്ദ്രന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള നിയമപരമായ നീക്കങ്ങളും ഇപ്പോൾ സജീവമാണ്. ചന്ദ്രൻ ഒരു പുതിയ കോളനിയായി മാറുന്നതിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ വശങ്ങൾ പരിശോധിക്കാം. ചന്ദ്രനിലെ വിഭവങ്ങൾ വെറും കൗതുകമല്ല, മറിച്ച് കോടിക്കണക്കിന് ഡോളർ മൂല്യമുള്ള വ്യവസായ സാധ്യതകളാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഇരുളടഞ്ഞ ഗർത്തങ്ങളിലുള്ള വാട്ടർ ഐസ് ഈ സ്പേസ് റേസിലെ പ്രധാനപ്പെട്ട ഇനമാണ്. ഇതു ,കുടിക്കാനുപയോഗിക്കാം എന്നതിലുപരി, ഹൈഡ്രജനും ഓക്സിജനുമായി വേർതിരിച്ച് റോക്കറ്റ് ഇന്ധനമായി മാറ്റാനുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വയിലേക്ക് അടക്കമുള്ള ബഹിരാകാശ യാത്രകൾക്ക് ഭൂമിയിൽനിന്ന് ഇന്ധനം കൊണ്ടുപോകാനുള്ള ഭീമമായ ചെലവ് ഒഴിവാക്കി ചന്ദ്രനെ ഒരു ‘ഗ്യാസ് സ്റ്റേഷൻ’ ആയി ഉപയോഗിക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഭൂമിയിൽ അപൂർവമായ ഒരു ഐസോടോപ്പ് ആണ് ഹീലിയം – 3. ഇത് ചന്ദ്രനിൽ സുലഭമാണെന്നാണ് കരുതപ്പെടുന്നത്. സുരക്ഷിതവും മലിനീകരണമില്ലാത്തതുമായ ന്യൂക്ലിയർ ഫ്യൂഷൻ ഊർജത്തിന് ഇത് അത്യന്താപേക്ഷിതമാണെന്നാണു വിലയിരുത്തപ്പെടുന്നത്. ഭാവിയിലെ ഊർജ പ്രതിസന്ധിക്കു പരിഹാരമായി ഇതിനെ ശാസ്ത്രജ്ഞർ കണക്കാക്കുന്നു. സ്മാർട്ട്‌ഫോണുകൾ, ബാറ്ററികൾ, അത്യാധുനിക ഇലക്ട്രോണിക്സ് എന്നിവയ്ക്ക് ആവശ്യമായ സ്കാൻഡിയം, യട്രിയം തുടങ്ങിയ അപൂർവ ഭൗമധാതുക്കളും ഇവിടെയുണ്ട്. ബഹിരാകാശത്ത് ആർക്കും സ്വന്തമായി സ്ഥലം അവകാശപ്പെടാൻ കഴിയില്ലെന്നാണ് രാജ്യാന്തര നിയമം (ഔട്ടർ സ്പേസ് ട്രീറ്റി – 1967). എന്നാൽ ഇതിനെ മറികടക്കാൻ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കപ്പെടുന്നുണ്ട്. അമേരിക്കയുടെ നേതൃത്വത്തിൽ നിർമിച്ച ആർട്ടെമിസ് ഉടമ്പടി (ആർട്ടെമിസ് അക്കോർഡ്സ്) കരാർ സേഫ്റ്റി സോൺ എന്ന ആശയം മുന്നോട്ട് വയ്ക്കുന്നു. ഒരു രാജ്യം ചന്ദ്രനിൽ പ്രവർത്തനം നടത്തുമ്പോൾ മറ്റുള്ളവർ ഇടപെടാതിരിക്കാനുള്ള മേഖലകളാണിവ. ഇത് ഫലത്തിൽ ഒരു തരം ‘അപ്രഖ്യാപിത നിയന്ത്രണം’ ആണെന്നു വിമർശകർ പറയുന്നു. അതുപോലെ, ചന്ദ്രനിലെ വിഭവങ്ങൾ ഖനനം ചെയ്യുന്നതും വിൽക്കുന്നതും സ്വകാര്യ സ്വത്തായി കണക്കാക്കാമെന്ന് യുഎസ് (സ്പേസ് ആക്ട് – 2015) ഉൾപ്പെടെയുള്ള നിയമം പാസാക്കിയിട്ടുണ്ട്. ഇത്തരം നിയമങ്ങൾ ഫലത്തിൽ അവ്യക്തതയുണ്ടാക്കുന്നുണ്ട്.
Source link


