ഗൾഫിലെ എസ്‌എസ്‌എൽസി, പ്ളസ്‌ടു പരീക്ഷകൾ മാറ്റും; കേരളത്തിൽ അഞ്ചാം തീയതിതന്നെ ആരംഭിക്കാൻ തീരുമാനം

തിരുവനന്തപുരം: ഗൾഫിലെ എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷകൾ മാറ്റാൻ ശുപാർശ നൽകി ഗൾഫിലെ കേരള പരീക്ഷയുടെ കോർഡിനേറ്റർ. ഇതിൽ സർക്കാർ തീരുമാനം ഇന്നുണ്ടാകും. മാർച്ച് അഞ്ചിനാണ് പരീക്ഷകൾ തുടങ്ങുന്നത്. അഞ്ചാം തീയതിയിലെ എസ്‌എസ്‌എൽസി പരീക്ഷയും അഞ്ച് ,ആറ്, ഏഴ് തീയതികളിലെ ഹയർസെക്കൻഡറി പരീക്ഷയിലും മാറ്റം വരുത്താനാണ് ആലോചന.
സാധാരണ ഗൾഫിലെ ഒൻപത് കേന്ദ്രങ്ങളിലും കേരളത്തിലെ രണ്ടായിരത്തോളം കേന്ദ്രങ്ങളിലും ഒരേ ചോദ്യപേപ്പർ നൽകിയാണ് പരീക്ഷ നടത്താറുള്ളത്. ഗൾഫിലെ സംഘർഷം കണക്കിലെടുത്ത് കേരളത്തിൽ അഞ്ചാം തീയതിതന്നെ പരീക്ഷ തുടങ്ങാനും ഗൾഫിൽ സ്ഥിതിഗതികൾ ശാന്തമായതിനുശേഷം പ്രത്യേക ചോദ്യപേപ്പർ നൽകിയും പരീക്ഷ നടത്താനാണ് ആലോചന.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു എ ഇ എന്നീ രാജ്യങ്ങളിലെ കേന്ദ്രങ്ങളിൽ നടത്തേണ്ട ഇന്നത്തെ സി.ബി.എസ്.ഇ പത്ത്, 12 ബോർഡ് പരീക്ഷകൾ മാറ്റിയിരുന്നു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. സി.ബി.എസ്.ഇ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും സ്‌കൂൾ അധികൃതരുമായി ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്.
ഗൾഫ് നാടുകളിലെ കേന്ദ്രങ്ങളിൽ 10, 12 ക്ലാസുകളിലെ ശേഷിക്കുന്ന എല്ലാ പരീക്ഷകളും റദ്ദാക്കിയെന്നും ബദൽ മൂല്യനിർണയത്തിലൂടെ മാർക്ക് നൽകുമെന്നുമുള്ള വ്യാജ വാർത്ത സി.ബി.എസ്.ഇ തള്ളിയിരുന്നു. സമൂഹമാദ്ധ്യമങ്ങളിലെ ഇത്തരം വാർത്തകൾ വിശ്വസിക്കരുതെന്നും സി.ബി.എസ്.ഇ കഴിഞ്ഞദിവസം വ്യക്തമാക്കി.
Source link



