test del 1

ഗോൾ മേളവുമായി ഗോകുലം

ഗോകുലം കേരള എഫ്.സി 4- ഐസ്വാൾ എഫ്.സി 2

മഞ്ചേരി : ഇന്ത്യൻ ഫുട്ബാൾ ലീഗിൽ രണ്ടിനെതിരെ നാലുഗോളുകൾക്ക് മിസോറം ക്ളബ് ഐസ്വാൾ എഫ്.സിയെ കീഴടക്കി ഗോകുലം കേരള എഫ്.സി . ഇന്നലെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ഗോകുലം മിന്നുന്ന വിജയം നേടിയത്. ഈ സീസണിലെ ആറുമത്സരങ്ങളിൽ ഗോകുലത്തിന്റെ രണ്ടാമത്തെ മാത്രം വിജയമാണിത്. ഇരട്ട ഗോളുകൾ നേടിയ നായകൻ രാഹുൽ രാജുവും ഒരോ ഗോളടിച്ച താബിസോ ബ്രൗണും ത്രിജോയ് ഡിയാസുമാണ് ഗോകുലത്തിന് വിജയമൊരുക്കിയത്.

മത്സരം തുടങ്ങി നാലുമിനിട്ടിനകം രണ്ടുഗോളുകൾ നേടി ഗോകുലം ടീം പയ്യനാട്ടെ ഗാലറിയെ ത്രസിപ്പിച്ചു. രണ്ടാം മിനിട്ടിൽ രാഹുൽ രാജുവും നാലാം മിനിട്ടിൽ ത്രിജോയ്‌യുമാണ് ഐസ്വാളിന്റെ വല കുലുക്കിയത്. 34-ാം മിനിട്ടിൽ താബിസോയും സ്കോർ ചെയ്തതോടെ ആദ്യ പകുതിയിൽ ആതിഥേയർ 3-0ത്തിന് മുന്നിലെത്തി. 88,89 മിനിട്ടുകളിലായാണ് ഐസ്വാൾ രണ്ടു ഗോളുകൾ തിരിച്ചടിച്ചത്. എന്നാൽ ഇൻജുറി ടൈമിന്റെ എട്ടാം മിനിട്ടിൽ രാഹുൽ രാജു ഗോകുലത്തിന്റെ നാലാം ഗോളും നേ‌ടി കളിക്ക് കർട്ടനിട്ടു.

ആറുമത്സരങ്ങളിൽ രണ്ടുവീതം ജയവും തോൽവിയും സമനിലയുമായി എട്ടുപോയിന്റുള്ള ഗോകുലം കേരള എഫ്.സി ഇന്ത്യൻ ഫുട്ബാൾ ലീഗിൽ നാലാം സ്ഥാനത്തേക്കുയർന്നു. എട്ടുപോയിന്റ് തന്നെയുള്ള ഐസ്വാൾ ഗോൾ മാർജിനിലെ കുറവ് കാരണം അഞ്ചാം സ്ഥാനത്താണ്. 10 പോയിന്റുള്ള ശ്രീനിധി ഡെക്കാനാണ് ഒന്നാം സ്ഥാനത്ത്. ഇത്രതന്നെ പോയിന്റുള്ള ഡയമണ്ട് ഹാർബർ രണ്ടാമതും ഷില്ലോംഗ് ലാജോംഗ് മൂന്നാമതുമുണ്ട്.


Source link

Back to top button