test del 3
ഗവ. മെഡിക്കൽ കോളജ് ആശുപത്രി: ശീതീകരണ സംവിധാനത്തിലെ തകരാർ; രോഗിയുടെ ശരീരം പൊള്ളി അടർന്നെന്ന് പരാതി

പാരിപ്പള്ളി ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ശീതീകരണ സംവിധാനം (എസി) ഇല്ലാത്തതിനാൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ ശരീരം പൊള്ളി അടർന്നെന്ന് പരാതി. മെഡിക്കൽ, സർജിക്കൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ ശരീരമാണ് കനത്ത ചൂടിൽ പൊട്ടി അടർന്നത്. ലക്ചറർ ഹാളിൽ ശീതീകരണ സംവിധാനം നിലച്ചതു മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തെയും പ്രതികൂലമായി ബാധിക്കുകയാണ്. ശീതീകരണ സംവിധാനം നിലച്ചതിനാലുള്ള ബുദ്ധിമുട്ടുകൾ ബാധിച്ചു 5 രോഗികൾ മരിച്ചെന്ന് ആരോപിച്ചു കോൺഗ്രസ് പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിനെ കഴിഞ്ഞ ദിവസം ഉപരോധിച്ചിരുന്നു.പ്രതിസന്ധിയെ തുടർന്നു ഐസിയുവിൽ അപൂർവമായി ഫാനുകൾ സജ്ജമാക്കിയെങ്കിലും എല്ലാ കിടക്കകളിലും പ്രയോജനപ്പെടില്ല. ഓപ്പറേഷൻ തിയറ്റർ, ഡയാലിസിസ് യൂണിറ്റ്, വാർഡുകൾ, ഒപി എന്നിവിടങ്ങളിലും രോഗികളും ഡോക്ടർമാരും ചൂടിൽ ബുദ്ധിമുട്ടുകയാണ്. ജനലുകൾ വളരെ കുറവായ ലക്ചർ ഹാളിൽ 110 വിദ്യാർഥികൾ ഉണ്ടാകും. വിദ്യാർഥികളും അധ്യാപകരും ഉഷ്ണത്തിൽ വലയുകയാണ്. ലക്ചർ ഹാൾ, ഒപി ക്ലാസ് റൂം, ഡയഗ്നോസ്റ്റിക് ഹാളുകളിൽ എസി പ്രവർത്തിക്കാത്തതിൽ പരിഹാരം ആവശ്യപ്പെട്ട് വിദ്യാർഥി യൂണിയൻ മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ. വിശ്വനാഥനു നിവേദനം നൽകിയിരുന്നു. ആശുപത്രിയിൽ കടുത്ത ശുദ്ധജലക്ഷാമവും അനുഭവപ്പെടുന്നുണ്ട്. അത്യാഹിത വിഭാഗത്തിൽ ഉൾപ്പെടെ ശുദ്ധജലം കിട്ടാക്കനിയാണെന്നു രോഗികൾ പറഞ്ഞു.
Source link


