test del 2

ഖാർഗ് പിടിക്കാൻ ട്രംപിന് മോഹം; വിയറ്റ്‌നാം 2.0 ലോഡിങ്? ഇറാൻ അതിജീവിക്കുമെന്ന ഭയത്തിൽ ഇസ്രയേലും ഗൾഫും


അമേരിക്കയും ഇസ്രയേലും ഒരുവശത്തും ഇറാൻ മറുവശത്തുമായുള്ള യുദ്ധം രണ്ടാം മാസത്തിലേക്ക് കടന്നിരിക്കുന്നു. ആദ്യ ദിവസങ്ങളിലെ പ്രതീക്ഷകൾക്ക് വിപരീതമായി, യുദ്ധം വേഗത്തിൽ അവസാനിക്കുന്നതിന് പകരം ആരും ജയിക്കാത്ത ഒരു സ്തംഭനാവസ്ഥയിലേക്ക് വഴുതുന്നതായി തോന്നുന്നു. ചില സൈനിക വിദഗ്ധർ ഇറാനെ അമേരിക്കയുടെ ‘അടുത്ത വിയറ്റ്നാം’ എന്ന് വിശേഷിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. വെനസ്വേല പോലെ ചെവിക്കു പിടിച്ച് തൂക്കിയെടുത്ത് വലിച്ചെറിയാൻ പറ്റുന്ന ശത്രുവല്ല ഇറാനെന്ന് യുഎസ് മനസ്സിലാക്കിയപ്പോൾ ആഴ്ചകൾ വൈകിയിരിക്കണം.ഒറ്റ ദിവസത്തെ ബോംബിങ് കൊണ്ട് ഇറാനിൽ ഭരണകൂടമാറ്റം വരുത്താനാവുമെന്ന തരത്തിലെ കണക്കുകൂട്ടലുകൾ തെറ്റിയെന്നത് വ്യക്തമാണ്. മാസങ്ങളോളം, ആവശ്യമെങ്കിൽ വർഷങ്ങളോളം ചെറുത്തുനിൽക്കാൻ കഴിവുള്ള രാജ്യമാണ് ഇറാനെന്നാണ് സൈനിക വിദഗ്ധർ പറയുന്നത്. താരതമ്യേന വളരെ ചെറിയ ചെലവിൽ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും നിർമിക്കാൻ ശേഷിയുള്ള ഇറാൻ തങ്ങളുടെ പരമോന്നത നേതാവുൾപ്പെടെ അമ്പതിലധികം ഉന്നതനേതാക്കൾ കൊല്ലപ്പെട്ടിട്ടും ആയുധംവെച്ച് കീഴടങ്ങിയില്ല. ഒരുപക്ഷേ, ഇസ്ലാമിക ഭരണകൂടം 47 വർഷം മുമ്പ് അധികാരത്തിൽ വന്ന കാലം മുതൽ അവർ ഇത്തരം ഒരു സാഹചര്യത്തിനായി തയ്യാറെടുക്കുകയായിരുന്നിരിക്കാം. ഒരു മാസത്തെ തുടർച്ചയായ ബോംബിങ്ങിനു ശേഷവും ഇറാനിയൻ മിസൈലുകൾ വേട്ട തുടരുകയാണ്, ഗൾഫ് രാജ്യങ്ങളിലും ഇസ്രയേലിലും കനത്ത നാശനഷ്ടമുണ്ടാക്കുന്നത് തുടരുകയാണ്.ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന ഖാർഗ് എന്ന ചെറിയ ഇറാൻ ദ്വീപ് നിയന്ത്രണത്തിലാക്കിയാൽ ആ രാജ്യത്തിനുമേൽ വലിയ സമ്മർദ്ദം ചെലുത്താമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കണക്കുകൂട്ടുന്നു. വെനസ്വേലയിലെപ്പോലെ, എണ്ണയുടെ നിയന്ത്രണം കൈവശപ്പെടുത്തുക എന്നതാണ് തനിക്കു പ്രിയപ്പെട്ടതെന്ന് ട്രംപ് തുറന്നടിക്കുന്നു. ‘പക്ഷേ, നാട്ടിലെ ചില മഠയൻമാർ എന്തിനാണതു ചെയ്യുന്നതെന്ന് ചോദിക്കും… ഒരുപക്ഷേ, ഞങ്ങൾ ഖാർഗ് ദ്വീപ് പിടിച്ചെടുക്കും. ചിലപ്പോൾ ചെയ്യില്ല. നമുക്കു മുന്നിൽ കുറച്ചധികം ഓപ്ഷനുകളുണ്ട്… പിടിച്ചെടുത്താൽ കുറച്ചുകാലം അവിടെ തുടരേണ്ടിവരും.’അതാണ് അമേരിക്കയുടെ മനസ്സിലെന്ന് പൊതുവേ കരുതപ്പെടുന്നു. കരയുദ്ധത്തിനായി പതിനായിരം സൈനികരെ ഇറാനിലെത്തിക്കാനാണത്രെ ഉദ്ദേശ്യം. കഴിഞ്ഞയാഴ്ച 2,200 മറീനുകളടക്കം 3,500 സൈനികർ എത്തിയിരുന്നു. 82-ാം എയർബോൺ ഡിവിഷനിൽനിന്നും ആയിരങ്ങൾ അങ്ങോട്ടേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഹോർമുസ് കടലിടുക്കിന്റെ 483 കിലോമീറ്റർ വടക്കുപടിഞ്ഞാറായി കിടക്കുന്ന ഖാർഗ് ദ്വീപ് ഇറാനിൽനിന്നു 26 കിലോമീറ്റർ മാത്രം അകലെയാണ്. ദ്വീപ് പിടിച്ചെടുക്കാനുള്ള ശ്രമം ഒട്ടേറെ അമേരിക്കൻ സൈനികർ കൊല്ലപ്പെടുന്നതിന് വഴിവെച്ചേക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.


Source link

Back to top button