‘ഖമനേയിയുടെ കൊലയാളികളെ വെറുതെ വിടില്ല, തുടങ്ങാൻ പോകുന്നത് ഏറ്റവും വിനാശകരമായ ഓപ്പറേഷൻ’

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പ്രതികാരം ചെയ്യുമെന്ന് വ്യക്തമായി ഇറാൻ റവല്യൂഷണറി ഗാർഡ് (ഐആർജിസി). ഇറാന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഓപ്പറേഷൻ തുടങ്ങുകയാണെന്നും ഖമനേയിയുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്നും ഐആർജിസി അറിയിച്ചു. പ്രതികാര ഓപ്പറേഷൻ അല്പസമയത്തിനകം ആരംഭിക്കുമെന്നും അമേരിക്കൻ ഭീകരവാദ താവളങ്ങളും മേഖലയിലെ അധിനിവേശ പ്രദേശങ്ങളുമായിരിക്കും ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.
‘ഞങ്ങൾക്ക് മികച്ചൊരു നേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിക്കുന്നു. മനുഷ്യരാശിയിലെ ഏറ്റവും ക്രൂരനായ കൊലയാളികളുടെ കൈകളാൽ ഖമനേയി കൈവരിച്ച രക്തസാക്ഷിത്വം അദ്ദേഹത്തിന്റെ ആത്മാർത്ഥ സേവനങ്ങൾ അംഗീകരിക്കപ്പെട്ടതിന്റെ അടയാളമാണ്. ഇറാൻകാരുടെ പ്രതികാരത്തിന്റെ കൈകൾ അവരെ വെറുതെ വിടില്ല’- ഐആർജിസി പറഞ്ഞു.
ഖമനേയിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്നലെ രാത്രിയോടെ പുറത്തുവന്നെങ്കിലും ഇറാൻ നിഷേധിച്ചിരുന്നു. ഇന്നുരാവിലെ മാത്രമാണ് ഇറാൻ ഇക്കാര്യം സ്ഥിരീകരിച്ചത്.ഖമനേയിയുടെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയതായി ഇസ്രയേൽ അധികൃതർ കഴിഞ്ഞ ഇന്നലെ അറിയിച്ചിരുന്നു. ഖമനേയി കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അറിയിച്ചിരുന്നു.എന്നാൽ ഖമനേയിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനും സുരക്ഷിതരാണെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അവകാശപ്പെട്ടിരുന്നത്. ഇതിനുപിന്നാലെ ഖമനേയി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന തരത്തിൽ അദ്ദേഹത്തിന്റെ ഔദ്യോഗിക എക്‌സ് പേജിൽ ഒരു പോസ്റ്റും പ്രത്യക്ഷപ്പെട്ടിരുന്നു. ഖമനേയിയുടെ മരണത്തിൽ ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചു.
ആണവ കരാറിന് വഴങ്ങാത്ത ഇറാനെതിരെ ഇന്നലെ മുതൽ അമേരിക്കയും ഇസ്രയേലും ആക്രമണം നടത്തുകയാണ്. ഇതോടെ റംസാൻ വ്രതത്തിന്റെ പുണ്യനാളുകളിൽ പശ്ചിമേഷ്യ യുദ്ധ ഭീതിയിലായി. ഇറാനിൽ രാഷ്ട്രീയ, സൈനിക നേതാക്കളടക്കം 201 പേർ കൊല്ലപ്പെട്ടു. ഇതിൽ 87 പേർ കുട്ടികളാണ്. മിനാബിലെയും ടെഹ്റാനിലെയും രണ്ട് സ്കൂളുകളിൽ മിസൈൽ പതിക്കുകയായിരുന്നു. 747 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. ലക്ഷക്കണക്കിന് മലയാളികളുള്ള ഗൾഫ് രാജ്യങ്ങളെ ഇറാൻ ആക്രമിച്ചതോടെ കേരളവും കടുത്ത ആശങ്കയിലാണ്. ആക്രമണം നേരിട്ട മേഖലകളിൽ നിന്ന് മലയാളികളടക്കം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളവും അടച്ചു.
Source link



