കർണാടകയിലെ കുടകിൽ ട്രെക്കിംഗിന് പോയ മലയാളി യുവതിയെ കാണാനില്ല; തെരച്ചിൽ ഊർജിതം

കോഴിക്കോട്: കർണാടകയിലെ കുടകിൽ ട്രെക്കിംഗിന് പോയ മലയാളി യുവതിയെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെയാണ് കാണാതായത്. ഈ മാസം രണ്ടിനാണ് യുവതി കുടക് തടിയന്റെ മോൾ മലയിൽ എത്തിയത്. കർണാടകയിലെ ഏറ്റവും വലിയ രണ്ടാമത്തെ മലയാണിത്. ചോല വനവും പുൽമേടുകളും നിറഞ്ഞ 14 കിലോമീറ്റർ ദൂരത്തിലാണ് മലയിൽ ട്രെക്കിംഗ് അനുമതിയുള്ളത്. ട്രെക്കിനിടെ ശരണ്യയ്ക്ക് വഴിതെറ്റുകയായിരുന്നു. ഉച്ചയ്ക്ക് വഴിതെറ്റിയെന്ന് താമസസ്ഥലത്ത് വിളിച്ചറിയിച്ചിരുന്നു. പിന്നീട് യുവതിയെക്കുറിച്ച് വിവരം ഒന്നും ലഭിച്ചില്ല. എറണാകുളത്ത് സോഫ്റ്റ് വെയർ എൻജീനിയറായി ജോലി ചെയ്യുന്ന ശരണ്യ ഒറ്റയ്ക്കാണ് ട്രെക്കിംഗിന് പോയത്. മൂന്നുദിവസമായി മലയിൽ കർണാടക വനംവകുപ്പും പൊലീസും തെരച്ചിൽ തുടരുകയാണ്. കർണാടക മുഖ്യമന്ത്രിയുടെ നിയമോപദേശകനും വിരാജ്പേട്ട എംഎൽഎയുമായ എ എസ് പൊന്നണ്ണയെ ശരണ്യയുടെ കുടുംബം സന്ദർശിച്ച് സഹായം അഭ്യർത്ഥിച്ചു. തെരച്ചിൽ ഊർജിതമാക്കാൻ എംഎൽഎ നിർദേശം നൽകിയിതായാണ് വിവരം.
Source link


