കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ മുങ്ങൽ വിദഗ്ദ്ധൻ മുങ്ങിമരിച്ചു

കൊച്ചി: നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ കരാർ തൊഴിലാളിയായ ഡൈവർ മുങ്ങിമരിച്ചു. കൊച്ചി ഷിപ്യാർഡിലാണ് സംഭവം. മലപ്പുറം സ്വദേശിയായ അൻവർ സാദത്ത് (25) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അപകടം ഉണ്ടായത്.
എറണാകുളം ജില്ലയിലെ ചുള്ളിക്കൽ ആസ്ഥാനമായ ഡൈവിംഗ് അക്കാദമിയിലെ മുങ്ങൽ വിദഗ്ദ്ധനായിരുന്നു അൻവർ സാദത്ത്. കപ്പലിന്റെ അറ്റകുറ്റപ്പണിക്കായി കമ്പനിയിൽ നിന്നും മുങ്ങൽ വിദഗ്ദ്ധരെ കരാർ അടിസ്ഥാനത്തിൽ നൽകാറുണ്ട്. ഇന്നലെ രാവിലെ മുതൽ കപ്പലിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചിരുന്നു. ഉച്ച കഴിഞ്ഞ് കപ്പലിന്റെ അടിത്തട്ടിലേക്ക് മുങ്ങിയ അൻവറുമായുള്ള ആശയവിനിമയം അൽപസമയം കഴിഞ്ഞപ്പോൾ തടസപ്പെട്ടതോടെയാണ് അപകടം സംഭവിച്ചതായി ഒപ്പമുള്ളവർ മനസിലാക്കിയത്. ഒരു വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഡൈവറാണ് കപ്പലിന് മുകളിൽ നിന്ന് സുരക്ഷാ കാര്യങ്ങൾ നോക്കിയിരുന്നത്. മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉള്ള മുങ്ങൽ വിദഗ്ദ്ധനാണ് മരിച്ച അൻവർ സാദത്ത്.
വൈകിട്ട് നാലുമണിയോടെയാണ് അപകടത്തെക്കുറിച്ചുള്ള അറിയിപ്പ് ലഭിച്ചതെന്ന് എറണാകുളം സൗത്ത് പൊലീസ് പറയുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോൾ ജീവൻ ഉണ്ടായിരുന്നെങ്കിലും അഞ്ച് മണിയോടെ അപകടം സംഭവിക്കുകയായിരുന്നു. ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണെന്നും പോസ്റ്റ്മോർട്ടം പൂർത്തിയായി കഴിഞ്ഞാൽ മൃതദേഹം ഇന്നുതന്നെ നാട്ടിലേക്ക് അയക്കുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
Source link
