LATEST

ക്രിസ്മസ് ബമ്പർ ലോട്ടറി ടിക്കറ്റിൽ അവകാശവാദം: ഹർജി തള്ളി


കൊച്ചി: കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനാർഹമായ ക്രിസ്മസ്- പുതുവത്സര ബമ്പർ ടിക്കറ്റ് കൈമോശം വന്നെന്നും സമ്മാനവിതരണം നിറുത്തിവയ്‌ക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. പിറവം സ്വദേശിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ കെ.കെ.സജിമോനാണ് ഹർജിക്കാരൻ. സമ്മാനാർഹമായ ടിക്കറ്റ് താൻ വാങ്ങിയതാണെന്നും അതിനുപിന്നിൽ പേരും മേൽവിലാസവും എഴുതിയിരുന്നെന്നുമുള്ള ഹർജിക്കാരന്റെ വാദം തെറ്രാണെന്ന് കണ്ടെത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നടപടി. ഒന്നാം സമ്മാനമായ 20 കോടി രൂപയുടെ വിതരണത്തിന് താത്കാലികമായി ഏർപ്പെടുത്തിയ സ്റ്റേയും നീക്കി.സമ്മാനാർഹമായ ടിക്കറ്റ് മറ്റൊരാൾ ലോട്ടറി വകുപ്പിൽ സമർപ്പിച്ചിരുന്നു. കോടതി നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥർ ഇന്നലെ അത് ഹാജരാക്കി. സമ്മാനത്തിനു അവകാശമുന്നയിച്ച ആളുടെ പേരുവിവരങ്ങൾ അതിനുപിന്നിൽ വ്യക്തമായി എഴുതിയിട്ടുണ്ടെന്ന് കോടതി വിലയിരുത്തി. ലോട്ടറി വകുപ്പിന്റെ അന്വേഷണത്തിലും ടിക്കറ്റിൽ കൃത്രിമം നടന്നിട്ടില്ലെന്നാണ് കണ്ടെത്തിയത്. ടിക്കറ്റിലെ സുരക്ഷാഫീച്ചറുകളും പരിശോധിച്ച് ബോദ്ധ്യപ്പെട്ടതായി സർക്കാർ അറിയിച്ചു.ജനുവരി 24നായിരുന്നു ബമ്പർ നറുക്കെടുപ്പ്. ആന്ധ്രാ സ്വദേശികളായ അയ്യപ്പഭക്തർ തന്റെ വാഹനത്തിൽ മറന്നുവച്ച നെയ്‌പാത്രം കൊറിയർ അയച്ചുനൽകുന്നതിനിടെ ടിക്കറ്റ് നഷ്ടപ്പെട്ടെന്നായിരുന്നു ട്രാവലർ സർവീസ് നടത്തുന്ന സജിമോന്റെ പരാതി. സമ്മാനാർഹമായ ടിക്കറ്റ് മറ്റൊരാൾ ലോട്ടറി ഡയറക്ടറേറ്റിൽ ഹാജരാക്കിയെന്ന് അറിഞ്ഞതോടെയാണ് കോടതിയെ സമീപിച്ചത്.


Source link

Related Articles

Back to top button