test del 3

‘ക്രിസ്മസിന് കേക്കുമായി വരുന്ന ബിജെപി നേതാക്കൾ ഇപ്പോൾ വരുന്നത് ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള നിയമവുമായി’


കുറ്റ്യാടി (കോഴിക്കോട്) ∙ കേരളത്തിലെ എംപിമാർ ഇല്ലാത്ത സമയം നോക്കിയാണ് കേന്ദ്രസർക്കാർ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി (എഫ്സിആർഎ) കൊണ്ടുവരാൻ ശ്രമിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. ബിൽ പാർലമെന്റിൽ പാസാകാതിരിക്കാൻ പ്രതിപക്ഷം എന്തു വില കൊടുത്തും ശ്രമിക്കുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുറ്റ്യാടിയിൽ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയും മതങ്ങളുമെല്ലാം ബിജെപിക്ക് വോട്ട് തട്ടാനുള്ള ഉപകരണങ്ങൾ മാത്രമാണ്. ഹിന്ദുക്കളും ക്രൈസ്തവരുമെല്ലാം അവർക്ക് തിരഞ്ഞെടുപ്പ് വേളയിൽ മാത്രം ആവശ്യമുള്ള ഉപകരണങ്ങളാണ്. ക്രിസ്മസ് സമയത്ത് കേക്കുമായി വരുന്ന ബിജെപി നേതാക്കളാണ് ഇപ്പോൾ നിർണായക സമയത്ത് ന്യൂനപക്ഷ സമുദായങ്ങളെ വേട്ടയാടാനുള്ള നിയമവുമായി വന്നിരിക്കുന്നത്. വടക്കേ ഇന്ത്യയിൽ വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ നടത്തുന്ന അക്രമങ്ങളുടെ തുടർച്ചയാണിത്.ന്യൂനപക്ഷ സമുദായ സംഘടനകളിലെ ഉൾപ്പെടെ മനുഷ്യസ്നേഹികൾ നടത്തുന്ന ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങളെ തടയാൻ ഉദ്ദേശിക്കുന്ന ബിൽ പാർലമെന്റിൽ പാസാകാതിരിക്കാൻ പ്രതിപക്ഷം എന്തു വില കൊടുത്തും ശ്രമിക്കും. അതത് സംസ്ഥാനങ്ങളിൽ അത്യാവശ്യമായി പ്രചാരണത്തിന് ഉണ്ടാകേണ്ട എംപിമാർ ഒഴികെയുള്ളവരെയെല്ലാം കോൺഗ്രസ് നേതൃത്വം ഡൽഹിയിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്. ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തുന്നത്. നേരത്തേ വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ഇത്തരം നീക്കങ്ങളുടെ പിന്നിലെ ഗൂഢലക്ഷ്യത്തെപ്പറ്റി താൻ പാർലമെന്റിൽ പ്രസംഗിച്ചിരുന്നു. വഖഫ് നിയമത്തിന്റെ പേരിൽ ഇന്ന് മുസ്‌ലിംകളുടെ സ്വത്ത് പിടിച്ചെടുക്കാൻ ശ്രമിക്കൂന്നവർ നാളെ ക്രൈസ്തവർ അടക്കമുള്ള മറ്റു വിഭാഗങ്ങളുടെ സ്വത്തുക്കളെയും ആക്രമിക്കുമെന്നാണ് അന്ന് താൻ പാർലമെന്റിൽ പ്രസംഗിച്ചത്. ഇപ്പോൾ അത് അത് അക്ഷരംപ്രതി ശരിയായി.


Source link

Back to top button