LATEST

കോൺഗ്രസ് നേതാവ് ആർ. രശ്മി ബി.ജെ.പിയിൽ

തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന ആർ. രശ്മി ബി.ജെ.പിയിൽ ചേർന്നു. മാരാർജി ഭവനിൽ ഇന്നലെ നടന്ന ചടങ്ങിൽ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് രശ്മി അംഗത്വം സ്വീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിലെ എൻ.ഡി.എയുടെ സ്ഥാനാർത്ഥിയായേക്കും.

സി.പി.എം വിട്ട് കോൺഗ്രസിലെത്തിയ ഐഷ പോറ്റിയെ കൊട്ടാരക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കുന്നതിൽ വിയോജിച്ചാണ് രശ്മി പാർട്ടി വിട്ടതെന്നാണ് സൂചന. ഇത്തവണയും കൊട്ടാരക്കരയിൽ മത്സരിക്കാമെന്ന് രശ്മി പ്രതീക്ഷിച്ചിരുന്നു. എന്നാൽ കോൺഗ്രസിൽ നിന്നുണ്ടായ തിക്താനുഭവങ്ങളാണ് പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്ന് രശ്മി പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ സാമ്പത്തിക ബാദ്ധ്യത പാർട്ടി തീർക്കണമെന്നും,​ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ബോർഡ്-കോർപ്പറേഷൻ സ്ഥാനം നൽകണമെന്നും രശ്മി അഭ്യർത്ഥിച്ചെങ്കിലും നേതൃത്വം വഴങ്ങിയില്ല. ഇതും പാർട്ടിവിടാൻ കാരണമായെന്നാണ് സൂചന. അഞ്ച് വർഷം കുളക്കട പഞ്ചായത്ത് അംഗവും പത്തുവർഷം ജില്ലാപഞ്ചായത്ത് അംഗവുമായിരുന്ന രശ്മി, മഹിളാകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കെ.പി.സി.സിയുടെ സാംസ്‌കാരിക സാഹിതി ജനറൽ സെക്രട്ടറിയുമായിരുന്നു.


Source link

Related Articles

Back to top button