കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക ആരോപണം; ഷാഫിയുടെയും ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരി

പാലക്കാട്: പാലക്കാട് കോൺഗ്രസ് കൗൺസിലർ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതിയിൽ തെളിവുകൾ പൊലീസിന് കൈമാറി യുവതി. ഷാഫി പറമ്പിലിന്റെയും വികെ ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും തന്റെ മുന്നിൽവച്ച് പ്രശോഭ് ഷാഫി പറമ്പിലിന് വീഡിയോ കോൾ ചെയ്തെന്നും പരാതിക്കാരി പറഞ്ഞു. ജോലി വാഗ്ദാനം ചെയ്താണ് പ്രശോഭ് പീഡിപ്പിച്ചത്. പരാതി നൽകിയതിന് ശേഷം ഫോൺ സ്വിച്ച് ഓഫിലായിരുന്നെന്നും യുവതി വ്യക്തമാക്കുന്നു.
ജോലി വാഗ്ദാനം ചെയ്ത ശേഷം വിവിധയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പാലക്കാട് സ്വദേശിയായ ദളിത് യുവതിയുടെ ആരോപണം. പാലക്കാട് നഗരസഭയിലെ 24ാം വാർഡിലെ കോൺഗ്രസ് കൗൺസിലറാണ് പ്രശോഭ്. യുവതി മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. മൂന്നു മാസം മുൻപാണ് പരാതിക്ക് ആസ്പദമായ സംഭവം. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പ്രശോഭ് വീട്ടിലെത്തി ബലമായി പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.
ജോലിക്കാര്യത്തിനായി പട്ടാമ്പിയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി. പാലക്കാട് ജില്ലാ ആശുപത്രിയുടെ പുറകിലെത്തിയപ്പോൾ മോശമായി പെരുമാറി. പിന്നീട് പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു.
പാലക്കാട്ടെ പ്രമുഖ ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു. ഈ സമയത്ത് താൻ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി. രണ്ടു മാസം ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ ഗർഭഛിദ്രം നടത്താൻ മരുന്ന് നൽകി. അതു കഴിക്കാത്തതിനാൽ ഭീഷണിപ്പെടുത്തി. സംഭവത്തിന് പിന്നാലെ പ്രശോഭ് ഒളിവിലാണ്. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പൊലീസ് പറഞ്ഞു.
Source link