കോടികള്‍ ചെലവാക്കാന്‍ റെയില്‍വേ; ഇന്ത്യയിലെ ട്രെയിന്‍ യാത്രയില്‍ വരാന്‍ പോകുന്നത് വമ്പന്‍ മാറ്റം

ന്യൂഡല്‍ഹി: വികസിത രാജ്യങ്ങളുടെ മാതൃകയില്‍ ആധുനികവത്കരണത്തിന്റെ പാതയിലാണ് ഇന്ത്യന്‍ റെയില്‍വേ. വന്ദേഭാരത് ട്രെയിനുകള്‍ അവതരിപ്പിച്ചതാണ് മാറ്റങ്ങളുടെ തുടക്കം. എന്നാല്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നല്‍കി യാത്ര ചെയ്യാന്‍ കഴിയുന്ന ഈ ട്രെയിനുകള്‍ സാധാരണക്കാരായ ട്രെയിന്‍ യാത്രികരുടെ ജീവിതത്തില്‍ ഒരു മാറ്റവും സാദ്ധ്യമാക്കുന്നില്ലെന്നത് ഏറെക്കുറെ ശരിയാണ്. എന്നാല്‍ പുതിയ ട്രെയിനുകള്‍ നിര്‍മിക്കുകയും സ്റ്റേഷനുകള്‍ വിമാനത്താവളത്തിലെ സൗകര്യത്തിന് സമാനമായി വികസിപ്പിക്കുന്നതിലും മാത്രം ഒതുക്കുകയല്ല തങ്ങളുടെ പദ്ധതിയെന്നാണ് റെയില്‍വേ പറയുന്നത്.
രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പെടെ അടിമുടി മാറാന്‍ പോകുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രായമായവര്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് മികച്ച സൗകര്യം നല്‍കുന്നതിനായി കൂടുതല്‍ കോച്ചുകളുള്ള ട്രെയിനുകളും സജ്ജമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചത്. രാജ്യമെമ്പാടും പ്ലാറ്റ്ഫോമുകള്‍ വ്യാപിപ്പിക്കുന്നതോടെ കോടിക്കണക്കിന് യാത്രക്കാര്‍ക്ക് ഇത് ആശ്വാസം ആകുമെന്നാണ് പ്രതീക്ഷ.
എല്‍എച്ച്ബി കോച്ചുകള്‍ പഴയ കോച്ചുകളേക്കാള്‍ നീളമുള്ളതാണ്. സീസണ്‍ സമയത്തും മറ്റും സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുകയും കോച്ചുകളുടെ എണ്ണം കൂട്ടുകയും ചെയ്യുന്നത് പതിവാണ്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്ലാറ്റ്ഫോമുകള്‍ ചെറുതായതിനാല്‍ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ ആളുകള്‍ ഇറങ്ങുന്നത് പ്ലാറ്റ്ഫോമിന് പുറത്താണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി റെയില്‍വേ പ്ലാറ്റ്ഫോം നീളം വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നത്.
നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ സോണിന് കീഴിലുള്ള വിവിധ ഡിവിഷനുകളിലെ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമുകളാണ് ആദ്യഘട്ടത്തില്‍ നീളം കൂട്ടുന്നത്. ഇതിനായി കോടികള്‍ റെയില്‍വേ വകയിരുത്തിയിട്ടുണ്ട്. അമൃത് സ്‌റ്റേഷന്‍ പദ്ധതികള്‍ക്ക് പുറമേയാണ് പ്ലാറ്റ്‌ഫോമുകളിലെ പുതിയ മാറ്റം യാഥാര്‍ത്ഥ്യമാകുന്നത്.
Source link



