‘കൊല്ലെടാ എന്ന് ആക്രോശിച്ചു കൊണ്ടെത്തി, മാരകായുധം കൊണ്ട് കഴുത്തിൽ ആക്രമിച്ചു’, വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന് എഫ്ഐആർ

കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് മന്ത്രി വീണാജോർജിന് കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. വീണാ ജോർജിനെ മാരകായുധം ഉപയോഗിച്ച് വധിക്കാൻശ്രമിച്ചെന്നാണ് എഫ്.ഐ.ആർ. ആയുധം ഉപയോഗിച്ച് കഴുത്തിൽ ആക്രമിച്ചെന്നും പ്രതിഷേധക്കാർ മന്ത്രിയെ കൊല്ലെടാ എന്ന ആക്രോശിച്ച് കൊണ്ടെത്തി എന്ന് എഫ്.ഐ.ആറിൽ പറയുന്നു. 11 വകുപ്പുകൾ പ്രകാരം അഞ്ചുപേരെ പ്രതി ചേർത്താണ് റെയിൽവേ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഭാരതീയ ന്യായസംഹിതയിലെ 9 വകുപ്പുകൾക്ക് പുറമേ റെയിൽവേ ആക്ട് പ്രകാരം രണ്ട് വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. മന്ത്രീ വീണാ ജോർജിന്റെ ഗൺമാൻ അഭിലാഷ് എം.എസിന്റെ പരാതിയിലാണ് റെയിൽവേ പൊലീസ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരത്തേക്ക് മടങ്ങാൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ ആരോഗ്യമന്ത്രി വീണാജോർജിന് കെ.എസ്.യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് കഴുത്തിന് പരിക്കേറ്റത്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ രാത്രി ഒൻപതു മണിയോടെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.നെക്ക് സപ്പോർട്ട് ബെൽറ്റ് ധരിച്ച നിലയിൽ ചികിത്സയിൽ തുടരുകയാണ്. കഴുത്തിനേറ്റ ക്ഷതം പരിശോധിക്കാൻ മെഡിക്കൽ ബോർഡ് എം. ആർ.ഐ. സ്കാനിംഗ് നിർദേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയ ൻ ജില്ലാ ആശുപത്രിയിൽ മന്ത്രിയെ സന്ദർശിച്ചിരുന്നു.
Source link



