കൊല്ലത്ത് ദേശീയപാത ഇടിഞ്ഞുതാഴ്‌ന്ന സംഭവം; അടിയന്തര യോഗം വിളിച്ച് ജില്ലാ കളക്‌ടർ

കൊല്ലം: കൊട്ടിയത്ത് നിർമാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ ജില്ലാ കളക്‌ടർ എൻ ദേവീദാസിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ദേശീയപാത അതോറിറ്റി റീജണൽ ഓഫീസർ, പ്രോജക്ട് ഹെഡ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. എൻഎച്ച്എഐ അധികൃതരിൽ നിന്നും കളക്ടർ വിശദീകരണം തേടും. കൂടാതെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുളള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. അപകടത്തിന്റെ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം ഉടൻ സ്ഥലം സന്ദർശിക്കും. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷനോട് എൻഎച്ച്എഐ റിപ്പോർട്ട് തേടിയിരുന്നു.
ഇന്നലെ കൊട്ടിയം മൈലക്കാട് മണ്ണിടിഞ്ഞ് താഴ്ന്ന് സൈഡ് വാളും സർവീസ് റോഡും തകർന്ന അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ള വാഹനയാത്രക്കാർ രക്ഷപ്പെട്ടത്. ദേശീയപാത നിർമ്മാണത്തിലെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചെങ്കിലും വീഴ്ചയില്ലെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ മറുപടി.
ഉയരപ്പാതയുടെ മുകൾഭാഗത്ത് നാലടിയോളം താഴ്ചയിൽ മാത്രമാണ് പശയുള്ള ചെമ്മണ്ണിട്ടത്. അതിന് താഴെ അഷ്ടമുടിക്കായലിൽ നിന്നുള്ള മണൽകലർന്ന ചെളിയാണ് നിറച്ചിരുന്നത്. സൈഡ് വാൾ റോഡിലേക്ക് പതിക്കാതിരുന്നതിനാലാണ് ദുരന്തമൊഴിഞ്ഞത്. റോഡിന്റെ വശത്തുകൂടിയുള്ള പൈപ്പ് ലൈനും പൊട്ടി.
കേന്ദ്രത്തിന് കത്തയച്ച് മന്ത്രി റിയാസ്
തിരുവനന്തപുരം: കൊല്ലം മൈലക്കാട് ദേശീയ പാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞ സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ക്കരിക്ക് കത്തയച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി റിയാസ് ആവശ്യപ്പെട്ടു. സംഭവത്തിൽ പൊതുമരാമത്ത് സെക്രട്ടറിയോട് അടിയന്തര റിപ്പോർട്ടും തേടി.
Source link



