ചിറയിൻകീഴിൽ ബിജെപി സ്ഥാനാർത്ഥിയുടെ വീട് തീയിട്ട് നശിപ്പിക്കാൻ ശ്രമം, അക്രമികളുടെ ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: ചിറയിൻകീഴിലെ ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് തീയിടാൻ ശ്രമം. ചിറയിൻകീഴ് പതിനാറാം വാർഡിൽ പുതുക്കരി വയലിൽ വീട്ടിൽ ടിന്റു ജി വിജയന്റെ വീടിന് നേരെ ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു അക്രമ സംഭവം.
ടിന്റുവും അച്ഛനും അമ്മയും രണ്ട് കുട്ടികളുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. അക്രമികൾ മുൻവശത്തെ വാതിലിൽ ആദ്യം തീയിട്ടു. ശേഷം ജനാലയിലൂടെ തീ അകത്തേക്ക് പടർത്താനുള്ള ശ്രമങ്ങളും നടത്തി. ഉറക്കത്തിലായിരുന്ന വീട്ടുകാർ പുറത്തെ ശബ്ദം കേട്ട് ഉണരുകയായിരുന്നു. ഹെൽമറ്റും റെയിൻ കോട്ടും ധരിച്ച് രണ്ടുപേർ വീടിന് പിൻവശത്തായി തീ ഇടുന്നതാണ് ഇവർ കണ്ടത്. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് അക്രമികൾ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
അതേസമയം, അക്രമികളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ടിന്റുവിന്റെ പരാതിയിൽ ചിറയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ ചിറയിൻകീഴ് 17-ാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയാണ് ടിന്റു ജി വിജയൻ.
Source link



