CINEMA

കൊലക്കുറ്റത്തിന് കേസെടുക്കണം; യുവതിക്കെതിരെ കമ്മീഷണർക്ക് പരാതി നൽകി മരിച്ച ദീപക്കിന്റെ കുടുംബം

കോഴിക്കോട്: ഗോവിന്ദപുരത്ത് ആത്മഹത്യ ചെയ്‌ത ദീപക്കിന്റെ കുടുംബം കമ്മീഷണർക്ക് പരാതി നൽകി. സമൂഹമാദ്ധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്‌ത യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ കുടുംബത്തിന് ഉറപ്പുനൽകി. കളക്‌ടർക്കും മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും പരാതി കൈമാറുമെന്ന് ദീപക്കിന്റെ കുടുംബം പറഞ്ഞു.

ദീപക്കിനെ യുവതി മനഃപൂർവം അപകീർത്തിപ്പെടുത്തുകയായിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്. ജോലി ആവശ്യത്തിന് കഴിഞ്ഞ വെള്ളിയാഴ്‌ച ബസിൽ യാത്ര ചെയ്യുകയായിരുന്നു ദീപക്. തിരക്കുള്ള ബസായിരുന്നു. ഇരിക്കാൻ സ്ഥലമില്ലാതെ നിൽക്കുന്ന സമയത്താണ് യുവതി വീഡിയോ ചിത്രീകരിക്കുന്നതും പിന്നീട് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്‌‌തത്. ഇത് മനഃപ്പൂർവം ചെയ്‌തതാണെന്നും കുടുംബം പറഞ്ഞു.

ബസിൽവച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ബസിൽവച്ച് ശരീരത്തിൽ സ്പർശിച്ചുവെന്നായിരുന്നു സാമൂഹമാദ്ധ്യമത്തിൽ യുവതിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടി പുറത്തുവിട്ട വീഡിയോ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.

ദീപക്കിന്റെ മരണത്തിന് പിന്നാലെ ആരോപണം ഉന്നയിച്ച യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇപ്പോൾ ഡിലീറ്റ് ചെയ്‌തിട്ടുണ്ട്. യുവതിക്കെതിരെ വൻതോതിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്. ഇതിനിടെ, രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിലുള്ള ഓൾ കേരള മെൻസ് അസോസിയേഷൻ സംഘടന ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും ഇവർ പരാതി നൽകുമെന്നാണ് വിവരം.


Source link

Related Articles

Back to top button