LATEST

കൊണ്ടും കൊടുത്തും സുരേഷ് ഗോപിയും ഗണേഷ് കുമാറും


കൊല്ലം: ഉപരാഷ്ട്രപതിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ പ്രസംഗത്തിനിടെ ‘കൊണ്ടും കൊടുത്തും” സിനിമാതാരങ്ങളും സുഹൃത്തുക്കളുമായ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മന്ത്രി കെ.ബി.ഗണേഷ് കുമാറും. പത്തനാപുരം സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടന വേദിയിലാണ് സംഭവം.കേന്ദ്രമന്ത്രി സുരേഷ് ഗോപി ചങ്ങനാശ്ശേരി എസ്.ബി കോളേജിന് സമ്മാനം നൽകിയതിനെക്കുറിച്ചുള്ള ഗണേഷ് കുമാറിന്റെ ഫലിതത്തോടെയായിരുന്നു വാക് പോരിന്റെ തുടക്കം. കേന്ദ്ര പെട്രോളിയം മന്ത്രിയായ സുരേഷ് ഗോപി സ്കൂൾ ബസിന്റെ ഡീസൽ ഫ്രീ ആക്കിക്കൊടുത്തോയെന്ന് ഗണേഷ് കുമാർ ചോദിച്ചു. അതിനുശേഷം സുരേഷ് ഗോപി ആദ്യമായാണ് പത്തനാപുരത്ത് വന്നതെന്നും കൂട്ടിച്ചേർത്തു. അതിൽ പിടിച്ചായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഗണേഷ് കുമാർ ആദ്യം തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ താൻ പത്തനാപുരത്ത് അദ്ദേഹത്തിനായി വോട്ട് അഭ്യർത്ഥിച്ച കാര്യം ഓർമ്മിച്ചു. നട്ടുച്ചയ്ക്ക് നാലഞ്ച് വേദികളിൽ അന്ന് വോട്ട് അഭ്യർത്ഥിച്ചു. ഉമ്മൻചാണ്ടിയും ആ വേദിയിലുണ്ടായിരുന്നു. ഗണേഷ് കുമാർ രണ്ടാമത് മത്സരിച്ചപ്പോഴും ഓപ്പൺ ജീപ്പിൽ കയറി റോഡ് ഷോ നടത്തിയിരുന്നു.ഗണേഷ് കുമാർ പറഞ്ഞത് പോലെ താൻ പെട്രോളും ഡീസലും ഫ്രീയായി കൊടുത്താൽ പിന്നെ പത്തനാപുരം എടുക്കും. എസ്.ബി കോളേജിന് താൻ കൊടുത്തത് തൃശൂരുകാർ സ്നേഹത്തോടെ നൽകിയ സ്വർണം പൂശിയ ശില്പമാണ്. പ്രേം നസീറും ഉമ്മൻചാണ്ടിയും എം.ജി.സോമനും പി.പരമേശ്വരനും അടക്കമുള്ള കോളേജ് ആയതിനാലാണ് താൻ ഹൃദയത്തോട് ചേർത്തുവച്ചിരുന്ന ശില്പം ആ സ്ഥാപനത്തിന് സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button