കൊടും ചൂടിന് നേരിയ ആശ്വാസം; വരുന്ന് അഞ്ച് ദിവസം കേരളത്തിൽ മഴ, ഇന്ന് ഒമ്പത് ജില്ലയിൽ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നേരിയ അല്ലെങ്കിൽ മിതമായ രീതിയിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇന്ന് ഒമ്പത് ജില്ലകളിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് ഗ്രീൻ അലർട്ട്.നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഗ്രീൻ അലർട്ടാണ്. ചൊവ്വാഴ്ച ആലപ്പുഴ, കോട്ടയം, തൃശൂർ. വയനാട്, കണ്ണൂർ ജില്ലകളിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച വയനാട്, കണ്ണൂർ ജില്ലകളിൽ ഗ്രീൻ അലർട്ടാണ്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ ചൂട് അതികഠിനമാവുകയാണ്. ഇതിൽ നേരിയ ആശ്വാസം നൽകിക്കൊണ്ടാണ് ഇന്ന് മഴസാദ്ധ്യത പ്രവചിച്ചിരിക്കുന്നത്. ഇന്നലെ താപനില മുന്നറിയിപ്പിന്റെ ഭാഗമായി 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. കൊല്ലം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലായിരുന്നു മുന്നറിയിപ്പ്. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നു. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നു.
Source link



