വിനോദയാത്രയിൽ മീരയല്ലായിരുന്നു ആദ്യം, എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് പറഞ്ഞ് വിളിച്ചു; സത്യൻ അന്തിക്കാട്

മലയാളികളുടെ ജനപ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കുടുംബചിത്രങ്ങളിൽ ഒന്നാണ് 2007ൽ പുറത്തിറങ്ങിയ ‘വിനോദയാത്ര’. ചിത്രത്തിൽ മീര ജാസ്മിൻ അവതരിപ്പിച്ച അനുപമ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ്. എന്നാൽ, ഈ വേഷത്തിലേക്ക് സംവിധായകൻ ആദ്യം നിശ്ചയിച്ചിരുന്നത് മീരയെ ആയിരുന്നില്ല എന്ന വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. ചിത്രത്തിന്റെ തുടക്കത്തിൽ പുതുമുഖ നായികയെ അവതരിപ്പിക്കാനായിരുന്നു തീരുമാനമെന്ന് സത്യൻ അന്തിക്കാട് പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം രസകരമായ കഥ പങ്കുവച്ചത്.
‘നായികയായിട്ട് ഒരു പുതിയ കുട്ടി മതി എന്നായിരുന്നു ആദ്യം വിചാരിച്ചത്. അനുപമയാകാൻ പറ്റിയ ഒരാളെ കണ്ടുപിടിക്കാൻ കുറെ നോക്കി. ഒന്ന് രണ്ട് കുട്ടികളെ ഓഡിഷൻ ഒക്കെ ചെയ്തു നോക്കിയിരുന്നു. ഇതിനിടയിൽ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുകയും ചെയ്തു. പക്ഷേ കൊണ്ടുവന്ന പുതുമുഖങ്ങൾക്കൊന്നും മറ്റുള്ളവരുടെ കൂടെ അഭിനയിച്ച് പിടിച്ചുനിൽക്കാൻ പറ്റുന്നില്ല. ആ സമയത്താണെങ്കിൽ മീര ജാസ്മിന് ഒട്ടും ഡേറ്റില്ല. തമിഴ് സിനിമകളുടെ തിരക്കിലായിരുന്നു മീര. പക്ഷേ എനിക്ക് മീരയുമായിട്ട് നല്ല അടുത്ത ബന്ധമുണ്ട്. രസതന്ത്രവും അച്ചുവിന്റെ അമ്മയുമൊക്കെ ഞങ്ങൾ ഒരുമിച്ച് ചെയ്തതാണല്ലോ. അതുകൊണ്ട് ഞാൻ നേരെ മീരയെ അങ്ങോട്ട് വിളിച്ചു. എങ്ങനെയെങ്കിലും വന്ന് എന്നെ രക്ഷിക്കണമെന്ന് പറഞ്ഞു.’- സത്യൻ അന്തിക്കാട് പറയുന്നു.
‘മീര അന്ന് ഏതോ തമിഴ് സിനിമയുടെ ഷൂട്ടിംഗിലായിരുന്നു. എന്നിട്ടും ഷൂട്ടിംഗ് തുടങ്ങി നീ എങ്ങനെയെങ്കിലും വന്നേ പറ്റൂ എന്ന് പറഞ്ഞപ്പോൾ മീര വന്നു. അത് നമ്മളോടുള്ള സ്നേഹം കൊണ്ടാണ്. പണ്ട് ‘ഗോളാന്തര വാർത്ത’ ചെയ്ത സമയത്ത് ശോഭനയും ഇതുപോലെ വന്നിട്ടുണ്ട്. വിനോദയാത്രയിലെ അനുപമയെന്ന് പറയുന്നത് കുറച്ച് വെയിറ്റുള്ള വേഷമാണ്. പക്ഷേ മീര വന്നതോടെ അതൊരു ഭയങ്കര കോമ്പിനേഷനായി മാറി. ചില സിനിമകൾ അങ്ങനെയാണ്, അതിൽ ആരൊക്കെ അഭിനയിക്കണമെന്ന് നേരത്തെ നിശ്ചയിച്ചിട്ടുണ്ടാകും. നമ്മൾ അവരെ അവിടെ എത്തിക്കണമെന്ന് മാത്രമേയുള്ളൂ.’ അദ്ദേഹം കൂട്ടിച്ചേർത്തു.
Source link



