കേരളത്തിൽ കോൺഗ്രസ് പരാജയമേറ്റുവാങ്ങുന്നു; രക്ഷനേടാനാണ് കോലീബി സഖ്യമുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി

എറണാകുളം: കേരളത്തിൽ കോൺഗ്രസിന് പരാജയമേറ്റുവാങ്ങേണ്ടി വരുന്നുവെന്നും അതിൽ നിന്ന് രക്ഷനേടാനാണ് കോലീബി സഖ്യമുണ്ടാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസും ലീഗും ബിജെപിയും ചേർന്ന് വടകര പാർലമെന്റ് സീറ്റിലും ബേപ്പൂർ അസംബ്ളി സീറ്റിലും ബിജെപിക്കുവേണ്ടി സ്ഥാനാർത്ഥികളെ നിർത്തി. അവരെ പരാജയപ്പെടുത്താൻ ഇടതുപക്ഷത്തിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.’2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പരാജയപ്പെടുത്താൻ എത്ര തീവ്രമായാണ് രണ്ടുകൂട്ടരും ശ്രമിച്ചത്. കോൺഗ്രസിനെയും യുഡിഎഫിനെയും സഹായിക്കാൻ ബിജെപിയുടെ ഇടപെടലിലൂടെ കേന്ദ്ര ഏജൻസികൾ കേരളത്തിൽ വട്ടമിട്ട് പറന്നു. രണ്ട് കൂട്ടരും ഒരേരീതിയിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. എൽഡിഎഫിനെ തകർക്കാൻ വിവിധഘട്ടത്തിലാണ് ഇരുവരും ഇടപെടുന്നത്’-മുഖ്യമന്ത്രി ആരോപിച്ചു.ബിജെപി – ലീഗ് കൂട്ടുകെട്ടുകൾക്ക് ഒരു ജാള്യതയുമില്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്ന് പിണറായി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. 2016ൽ നേമത്ത് ബിജെപി അക്കൗണ്ട് തുറക്കാൻ കാരണം കോൺഗ്രസ് – ബിജെപി ഡീലാണ്. നേമത്തെ ജയത്തിന് പകരം മറ്റൊരു മണ്ഡലത്തിൽ കോൺഗ്രസിനെ ബിജെപി സഹായിച്ചിട്ടുണ്ട്. വിവരം പുറത്തായതോടെ വോട്ടർമാർ എൽഡിഎഫിനെ വിജയിപ്പിച്ചു. നാൽപ്പത്തൊന്ന് മണ്ഡലങ്ങളിൽ ആർഎസ്എസ് കോൺഗ്രസിനെ പിന്തുണച്ചെന്ന് അവർ പരസ്യമായി പറഞ്ഞു. ആർഎസ്എസിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ളത്. നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിക്കുമെന്നത് എൽഡിഎഫ് നിലപാടാണ്. അത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ചു. എന്നാൽ കോൺഗ്രസ് ഒത്തുതീർപ്പുണ്ടാക്കിയെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
Source link



