കേരളം നീങ്ങുന്നത് അപകടകരമായ നിലയിലേയ്ക്ക്; മഴ പെയ്താലും അൾട്രാ വയലറ്റ് വികിരണം കുറയുന്നില്ലെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ വിവിധ ഭാഗങ്ങളിൽ വേനൽ മഴ ലഭിക്കുന്നുണ്ടെങ്കിലും അൾട്രാ വയലറ്റ് (യുവി) വികിരണത്തിന്റെ തോതിൽ കുറവില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ്. അന്തരീക്ഷത്തിലെ ചൂട് താത്കാലികമായി കുറയ്ക്കാൻ വേനൽമഴ സഹായിക്കുന്നു. എന്നാൽ സൂര്യനിൽ നിന്നുള്ള മാരകമായ യുവി വികിരണങ്ങളെ പ്രതിരോധിക്കാൻ ഇത് പര്യാപ്തമല്ലെന്നും അധികൃതർ വ്യക്തമാക്കി.
നിലവിൽ പല ജില്ലകളിലും യുവി സൂചിക അപകടകരമായ നിലയിൽ തുടരുകയാണ്. ഇടുക്കി മൂന്നാറിലാണ് ഏറ്റവും കൂടുതൽ യുവി നിരക്ക് രേഖപ്പെടുത്തിയത് (എട്ട്). കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, തൃത്താത്തല, പൊന്നാനി, മാനന്തവാടി എന്നിവിടങ്ങളിലും യുവി നിരക്ക് കൂടുതലാണ്.
മഴ പെയ്യുമ്പോൾ ആകാശം മേഘങ്ങളാൽ പൂർണമായും മൂടപ്പെട്ടാൽ മാത്രമേ വികിരണത്തിന്റെ അളവ് ഗണ്യമായി കുറയുകയുള്ളൂ. എന്നാൽ വേനൽമഴ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചുരുങ്ങിയ സമയത്തേയ്ക്ക് മാത്രമാണ് ലഭിക്കുന്നത്. അതിനാൽതന്നെ മഴമേഘങ്ങൾ മാറി ആകാശം തെളിയുന്നതോടെ വികിരണത്തിന്റെ തോതും അതിവേഗം ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. വെയിൽ ശക്തമാകുന്നതോടെ വീണ്ടും അപകടകരമായ നിലയിലേയ്ക്ക് എത്തുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ വകുപ്പ് നിർദേശിച്ചു.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. പകൽ 10 മണി മുതൽ മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.
Source link



