കേന്ദ്ര നിർദ്ദേശം ഫലം കണ്ടു, കേരളത്തിലെ ഈ വിമാനത്താവളം ലോകനിലവാരത്തിലേക്ക്

തിരുവനന്തപുരം: വിമാനത്താവളത്തിന് 19.76ഏക്കർ ഭൂമി കൈമാറുന്നതോടെ റൺവേ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് സുരക്ഷിതമാക്കാനാവും. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) മാനദണ്ഡപ്രകാരമുള്ള ബേസിക് സ്ട്രിപ്പില്ലാത്തതായിരുന്നു റൺവേയിലെ അപാകത. റൺവേയുടെ മദ്ധ്യത്തിൽ നിന്ന് 150മീറ്റർ ഇരുവശത്തും ഒഴിച്ചിടണമെന്നാണ് ചട്ടം. ഈ സ്ഥലത്ത് നിർമ്മാണങ്ങൾ അനുവദിക്കില്ല. തിരുവനന്തപുരത്ത് റൺവേയുടെ പലഭാഗത്തും 20മീറ്റർ വരെ കുറവുണ്ട്. ആൾസെയിന്റ്സ് ഭാഗത്താണ് ഏറ്റവും സ്ഥലക്കുറവുള്ളത്.റൺവേ സുരക്ഷിതമല്ലാത്തതിനാൽ കരിപ്പൂരിലേതു പോലെ വലിയ വിമാനങ്ങൾ വിലക്കുമെന്നും വിമാനത്താവളത്തിന്റെ ലൈസൻസ് റദ്ദാക്കേണ്ടി വരുമെന്നും ഏവിയേഷൻ ഡയറക്ടർ ജനറൽ (ഡി.ജി.സി.എ) സർക്കാരിനെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് 4.19ഏക്കർ സ്വകാര്യ ഭൂമിയും 15.57ഏക്കർ സർക്കാർ ഭൂമിയും ഏറ്റെടുക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്.പേട്ട വില്ലേജിലെയും മുട്ടത്തറ വില്ലേജിലെയും കടകംപള്ളി വില്ലേജുകളിലായാണ് ഭൂമി ഏറ്റെടുക്കുക. ഭൂമിയേറ്റെടുക്കലിനും സർക്കാർ കെട്ടിടങ്ങളുടെ പുനർനിർമ്മാണത്തിനും മറ്റു വികസനത്തിനുമുള്ള ചെലവ് എയർപോർട്ട് അതോറിട്ടിയോ അദാനിയുടെ നേതൃത്വത്തിലുള്ള വിമാനത്താവള കമ്പനിയോ വഹിക്കണമെന്നാണ് നിർദ്ദേശം.ഫയർഫോഴ്സിന്റെ സ്റ്റാഫ് ക്വാർട്ടേഴ്സുകളും പരിശീലന സൗകര്യങ്ങളും പുതുക്കിനിർമ്മിക്കേണ്ടി വരും. ഇതിന് 50സെന്റ് കണ്ടെത്തും. ഭൂമിവില വിമാനത്താവള നടത്തിപ്പുകാരായ അദാനി എയർപോർട്ട് അതോറിട്ടിക്ക് നൽകും. അതോറിട്ടിയാവും സർക്കാരിന് ഭൂമിവില നൽകുക. ഭൂമിക്കായി അദാനി എയർപോർട്ട് അതോറിട്ടിക്ക് നൽകുന്ന പണം, അദാനി നൽകുന്ന പാട്ടത്തുകയിൽ കുറവുചെയ്യും. ഓരോ യാത്രക്കാരനും 168രൂപ വീതം എയർപോർട്ട് അതോറിട്ടിക്ക് അദാനി നൽകണമെന്നാണ് പാട്ടവ്യവസ്ഥ. ഏറ്റെടുക്കേണ്ടതിൽ 9.262ഏക്കർ ശംഖുംമുഖത്തേക്കുള്ള റോഡിന്റെ ഭാഗമാണ്. ബ്രഹ്മോസിന്റെ 4.557, ഫയർഫോഴ്സിന്റെ 4.417, ചാക്ക ഐ.ടി.ഐയുടെ 0.007ഏക്കർ വീതവും വള്ളക്കടവ് ഭാഗത്ത് 4.19ഏക്കർ സ്വകാര്യഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്. 3373മീറ്റർ നീളവും 60മീറ്റർ വീതിയുമുള്ളതാണ് തിരുവനന്തപുരത്തെ റൺവേ. എല്ലാവർഷവും അന്താരാഷ്ട്ര ഓർഗനൈസേഷൻ പരിശോധനയ്ക്കെത്തുമ്പോൾ ബേസിക് സ്ട്രിപ്പ് സജ്ജമാക്കാൻ സമയം നീട്ടിചോദിക്കുകയാണ് പതിവ്.
Source link



