കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതി നേട്ടമാകുന്നത് കേരളത്തിലെ ഈ മേഖലയ്ക്ക്, പ്രതിവർഷം 2500 കോടി രൂപയുടെ വരുമാനം

തിരുവനന്തപുരം: വംശനാശ ഭീഷണി നേരിടുന്ന കടലാമകളെയും അവയുടെ ആവാസ കേന്ദ്രവും സംരക്ഷിക്കാൻ നിയമനിർമ്മാണത്തിന് മത്സ്യബന്ധന-തുറമുഖ വകുപ്പിന്റെ ഉത്തരവ്. നിയമനിർമ്മാണത്തിന് ഫീഷറീസ് ഡയറക്ടർ അദ്ധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തി. ഫിഷറീസ് ഡയറക്ടർ ചെയർമാനായ സംസ്ഥാനതല സമിതിയിൽ പൊലീസിലെ അഡി.ഡി.ജി.പിയും അംഗമാണ്. വനം ചീഫ് കൺസർവേറ്രർ, കടലോര ജാഗ്രതാസമിതി, ഗുരുവായൂരിലെ ന്യൂസ് ഒഫ് ഇന്ത്യ, ആലപ്പുഴയിലെ ഗ്രീൻറൂട്ട് നേച്ചർ കൺസർവേഷൻ ഫോറം, പയ്യോളി തീരസംരക്ഷണ സമിതി, അഴീക്കോട് പങ്കാളിത്ത ഹരിതസമിതി, കാസർകോട്ടെ തൈകടപ്പുറം നെയ്യൽ എന്നിവയുടെ പ്രതിനിധികളുണ്ട്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അദ്ധ്യക്ഷനായ ജില്ലാതല സമിതിയിൽ ജില്ലാ പൊലീസ് സൂപ്രണ്ടും വനം അസി.കൺസർവേറ്ററും അംഗങ്ങളാണ്.
കടലാമകളെ സംരക്ഷിക്കാത്തതിനാൽ 2019മുതൽ കേരളത്തിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതി അമേരിക്ക വിലക്കിയിരിക്കുകയാണ്. പ്രതിവർഷം 2500കോടിയോളം വരുമാന നഷ്ടമുണ്ടാവുന്ന സാഹചര്യത്തിലാണ് വിലക്ക് നീക്കാനുള്ള ആമസംരക്ഷണ നടപടികളിലേക്ക് കടക്കുന്നത്.
കേരളതീരം ആമകളുടെ
ആവാസകേന്ദ്രം
ചെമ്മീൻവലയിൽ കുടുങ്ങി ആമകൾ നശിക്കുന്നെന്ന കാരണത്താലാണ് കയറ്റുമതി നിരോധനം. കടുത്തവംശനാശ ഭീഷണി നേരിടുന്ന ഒലിവ് റിഡ്ലി കടലാമകളും കേരളതീരത്ത് മുട്ടയിടാറുണ്ട്. കയറ്റുമതിയിൽ ഭൂരിഭാഗവും കടൽച്ചെമ്മീനാണ്. പുഴകളിലും തോടുകളിലും ചെമ്മീൻകെട്ടുകളിലും വളരുന്ന ചെമ്മീനിന് കടലാമയുമായി ബന്ധമില്ലെങ്കിലും അതിന്റെ കയറ്റുമതിക്കും വിലക്കുണ്ട്.
590കി.മീറ്ററുള്ള കേരളത്തിന്റെ തീരപ്രദേശം കടലാമകളുടെ ആവാസകേന്ദ്രമാണ്. കടലാമ സംരക്ഷണത്തിന് കേരളത്തിൽ പരിചരണകേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് കേന്ദ്രബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. കടലാമ സംരക്ഷണത്തിനുള്ള മാർഗരേഖയും സർക്കാർ പുറത്തിറക്കി.
മാർഗനിർദ്ദേശങ്ങൾ
ബീച്ചുകളിലും പ്രജനനമേഖലകളിലും നിത്യേന പട്രോളിംഗും ക്യാമ്പുകളുമുണ്ടാവും
ആവാസവ്യവസ്ഥകളിൽ മനുഷ്യരുടെ കടന്നുകയറ്റം തടയും
ആമകൾക്ക് ആഹാരം നൽകുന്നതും നിയന്ത്രിക്കും
ആമപിടിത്തക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കും
ആവാസവ്യവസ്ഥ സൃഷ്ടിച്ച് കടലാമകളെ വളർത്താനും കൂടുണ്ടാക്കാനും മത്സ്യത്തൊഴിലാളികളെയടക്കം പ്രേരിപ്പിക്കും
കടലാമകളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തും
ബീച്ചുകളിലേക്കുള്ള കൃത്രിമ വിളക്കുകൾ കുറയ്ക്കും
കടലിലേക്കുള്ള മാലിന്യനിക്ഷേപം തടയാൻ ദേശീയ-അന്തർദ്ദേശീയ നിയമം നടപ്പാക്കും
4 മണിക്കൂർ, 350 മുട്ടകൾ!
1)ചരിവുള്ള തീരപ്രദേശത്ത് മണലിൽ ഒരടിയോളം താഴ്ചയിൽ കുഴിയെടുത്താണ് കടലാമകൾ മുട്ടയിടുന്നത്. ഒരെണ്ണം 350 മുട്ട വരെയിടും. ഇതിന് 4 മണിക്കൂറെടുക്കും. മുട്ടയിട്ടശേഷം കുഴി മണ്ണിട്ടുമൂടി ആമകൾ കടലിലേക്ക് പോവും. വിരിയാൻ 50-55 ദിവസങ്ങളെടുക്കും. കുഞ്ഞുങ്ങളും കടലിലേക്ക് പോവും.
2)ആയിരക്കണക്കിന് കിലോമീറ്റർ കടലിലൂടെ സഞ്ചരിച്ചാണ് മുട്ടയിടാനെത്തുന്നത്. കേരളത്തിൽ ഡിസംബർ മുതൽ മാർച്ച് വരെ മിക്ക തീരത്തുമെത്തും. പെണ്ണാമകൾ താൻ പിറന്ന തീരം തേടിയെത്തി മുട്ടയിടുമെന്നാണ് വിശ്വാസം. ആയുസ് 100വർഷം. 20 വയസോടെ മുട്ടയിട്ടു തുടങ്ങും
Source link



