കേജ്‌രിവാൾ കുറ്റമുക്തൻ

എം.പി. പ്രദീപ്കുമാർ | Saturday 28 February, 2026 | 12:09 AM
ന്യൂഡൽഹി: അഴിമതിക്ക് ഒരു തരി തെളിവില്ലെന്ന് കണ്ടെത്തി ആം ആദ്‌മി സമുന്നത നേതാക്കളായ അരവിന്ദ് കേജ്‌രിവാളിനെയും മനീഷ് സിസോദിയയെയും കോടതി വെറുതേവിട്ടത് സി.ബി.ഐ രാഷ്ട്രീയ ചട്ടുകമാണെന്ന ആരോപണം ശരിവയ്ക്കുന്നതായി.
മദ്യനയ അഴിമതിക്കേസിൽ 23 പ്രതികളെയും ഡൽഹി റൗസ് അവന്യു കോടതി കുറ്റമുക്തരാക്കി. അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.
അക്രമ, അഴിമതി രാഷ്ട്രീയത്തിൽ നിന്ന് വേറിട്ട് രാജ്യത്തിനുതന്നെ പ്രതീക്ഷയായി ഉദിച്ചുയർന്ന് ഡൽഹിയിൽ അധികാരം പിടിച്ച പാർട്ടിയാണ് ആം ആദ്‌മി. പഞ്ചാബിലും അധികാരത്തിലെത്തി. എന്നാൽ, പത്തു വർഷത്തിനിപ്പുറം അഴിമതിക്കറ ചാർത്തി ഡൽഹിയിൽ നിന്ന് തൂത്തെറിയപ്പെട്ടു.
മദ്യനയക്കേസിൽ 18-ാം പ്രതിയായിരുന്നു ഡൽഹി മുൻ മുഖ്യമന്ത്രിയായ കേജ്‌രിവാൾ. ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയ 8-ാം പ്രതിയും. തെലങ്കാന ജാഗ്രതി പാർട്ടി അദ്ധ്യക്ഷ കെ. കവിതയും കുറ്റവിമുക്തരായവരിൽപ്പെടുന്നു. വിധിക്കുപിന്നാലെ കോടതിവളപ്പിൽ കേജ്‌രിവാൾ പൊട്ടിക്കരഞ്ഞു. സിസോദിയ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.
100 കോടിയുടെ അഴിമതി നടത്തിയെന്നും ഖജനാവിന് 580 കോടി നഷ്ടം വരുത്തുന്നതാണ് പുതിയ മദ്യനയമെന്നുമാണ് സി.ബി.ഐ കുറ്റപത്രം. എന്നാൽ, ഗൂഢാലോചനയ്ക്കുൾപ്പെടെ തെളിവില്ലെന്ന് കോടതി വിലയിരുത്തി. സി.ബി.ഐയുടെ ഗൂഢാലോചന സിദ്ധാന്തം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ്. സാമ്പത്തിക നേട്ടമുണ്ടാക്കിയതിന് രേഖകളൊന്നും ഹാജരാക്കാനുമായില്ല.
ഭരണഘടനാ പദവി വഹിച്ചിരുന്നവരെ അന്യായമായി പ്രതി ചേർത്തത് നിയമവാഴ്ചയ്‌ക്ക് എതിരാണ്. നയം അംഗീകരിച്ചതു കൊണ്ടുമാത്രം ക്രിമിനൽ കുറ്റം ചുമത്താനാകില്ല. വിചാരണ നടത്താൻ ആവശ്യമായതൊന്നും കോടതിക്കു മുന്നിലില്ല. അതിനാൽ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കുകയാണെന്ന് പ്രത്യേക ജഡ്‌ജി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
വിധിക്കെതിരെ സി.ബി.ഐ ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകും. അതേസമയം, മദ്യനയവുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസ് റൗസ് കോടതി വളപ്പിലെ മറ്രൊരു കോടതിയുടെ പരിഗണനയിലാണ്.
കോഴപ്പണം എവിടെ?
ഒരു രൂപ പോലും സി.ബി.ഐ പിടിച്ചെടുത്തിട്ടില്ലെന്ന് കോടതി. ഗൂഢാലോചനയെപ്പറ്റി പറയുന്നതിലും വൈരുദ്ധ്യങ്ങളുണ്ട്. മാപ്പുസാക്ഷി ഹൈദരാബാദ് വ്യവസായി പി. ശരത്‌ചന്ദ്ര റെഡ്ഡിയുടെ മൊഴിയെ മാത്രം ആശ്രയിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല. പ്രതിപ്പട്ടികയിലുണ്ടായിരുന്നയാളെ മാപ്പുസാക്ഷിയാക്കി അയാളെ ഉപയോഗിച്ച് അന്വേഷണപ്പിഴവ് മറയ്‌ക്കാൻ സി.ബി.ഐ ശ്രമിച്ചു. ഇത് അനുവദിച്ചാൽ ഭരണഘടനാ തത്വങ്ങളുടെ ഗുരുതര ലംഘനമാകും.
സി.ബി.ഐ വീഴ്ച
1 പ്രതികൾക്കെതിരെ തെളിവോ ശക്തമായ സാക്ഷിമൊഴിയോ ഇല്ല
2 കുറ്റപത്രത്തിലുടനീളം വൈരുദ്ധ്യം, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ
3 തെളിവില്ലാതെ ഡൽഹി സർക്കാർ ഉദ്യോഗസ്ഥനെ കുൽദീപ് സിംഗിനെ ഒന്നാം പ്രതിയാക്കി
ഞങ്ങൾ അഴിമതിക്കാരല്ല. ദൈവം കൂടെയാണ്. മോദിയും അമിത് ഷായും ഗൂഢാലോചന നടത്തി പ്രതികളാക്കിയതാണ്
– അരവിന്ദ് കേജ്‌രിവാൾ
ജുഡിഷ്യറി കൊടുംനുണകളുടെ വല തകർത്തു
– കെ. കവിത
ജയിലിൽ കഴിഞ്ഞത്
കേജ‌്‌രിവാൾ
156 ദിവസം
സിസോദിയ
530 ദിവസം
Source link



