കെ.സുധാകരന് രാഹുലിന്റെ ഉറപ്പ്, ഉന്നത പദവി നൽകിയേക്കും

ന്യൂഡൽഹി: സണ്ണി ജോസഫ് പേരാവൂരിൽ മത്സരിക്കുന്നതിനാൽ താത്ക്കാലിക കെ.പി.സി.സി അദ്ധ്യക്ഷനാക്കുമെന്ന അഭ്യൂഹം ശക്തമാവുന്നതിനിടെ, കണ്ണൂർ എം.പി കെ.സുധാകരൻ ഡൽഹിയിൽ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി നടത്തിയ ചർച്ചയിൽ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പങ്കെടുത്തു.പാർട്ടിയിൽ ചില പദവികൾ സംബന്ധിച്ച് ഹൈക്കമാൻഡിൽ നിന്ന് ഉറപ്പു ലഭിച്ചതായി രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കെ. സുധാകരൻ പ്രതികരിച്ചു. ഉറപ്പുകൾ എപ്പോൾ പ്രാവർത്തികമാക്കുമെന്നറിയില്ല. അത് ലഭിച്ചാലും ഇല്ലെങ്കിലും തനിക്ക് ഒരു പോലെയാണ്.. താൻ ഒരാവശ്യവും മുന്നോട്ടു വച്ചിട്ടില്ല.തനിക്ക് നാട്ടിൽ പാർട്ടി പ്രവർത്തകർക്കൊപ്പം നിൽക്കാൻ പദവി ആവശ്യമില്ല. രാഹുൽ ഗാന്ധി വിളിപ്പിച്ച് സംസാരിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. കേരളത്തിലെ കോൺഗ്രസിന്റെ കാര്യങ്ങൾ സംസാരിച്ചു. തിരഞ്ഞെടുപ്പിൽ പാർട്ടി ജയിക്കുമെന്നുറപ്പാണ്.പാർട്ടി ആവശ്യപ്പെട്ടതു കൊണ്ടാണ് കണ്ണൂരിൽ മത്സരിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിഞ്ഞത്.. മുഖ്യമന്ത്രി സ്ഥാനത്തിന് അർഹൻ രമേശ് ചെന്നിത്തലയാണെന്ന അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതായും സുധാകരൻ പറഞ്ഞു. എ.ഐ.സി.സി നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് സുധാകരൻ ഡൽഹിയിലെത്തിയത്. കൂടിക്കാഴ്ചയുടെ ഫോട്ടോ എക്സിൽ പങ്കു വച്ച രാഹുൽ , അദ്ദേഹം കൊടുങ്കാറ്റും വെല്ലുവിളികളും അതിജീവിച്ച് കേരളത്തിലെ ജനങ്ങൾക്കായി പോരാടിയ നേതാവാണെന്ന് കുറിച്ചു.
Source link


